Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധം: 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തത്. ലോക്ക് ഡൗൺ നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു

PM Narendra Modi addresses Nation Lockdown extention Covid live updates
Author
Delhi, First Published May 12, 2020, 7:54 PM IST

ദില്ലി: കൊവിഡിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷം കോടി യുടെ പാക്കേജ്. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തെ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ നിലനിർത്താൻ പരിശ്രമിക്കുന്ന ഓരോ പൗരനും, മധ്യവർഗക്കാർക്കും ഉദ്യോഗസ്ഥർക്കും അങ്ങനെ രാജ്യത്തെ എല്ലാ സത്യസന്ധരായ പൗരൻമാർക്കുമുള്ളതാണ് ഈ പാക്കേജെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചത്. ആത്മനിർഭർ ഭാരത് അഭിയാൻ എന്ന പേരിലാകും ഇത് പ്രാവർത്തികമാക്കുക. രാജ്യത്തെ വിവിധ മേഖലകൾക്ക് ശക്തമായി തിരിച്ചു വരാനുള്ള ഊർജം ഈ പാക്കേജ് വഴി ലഭിക്കും. ഭൂമി, തൊഴിൽ, പണവിനിമയം, നിയമം എന്നിവയെല്ലാം ലളിതമാക്കുന്നതാകും ഈ പാക്കേജും. ധനമന്ത്രി നിർമ്മല സീതാരാമൻ ആത്മനിർഭർ ഭാരത് അഭിയാൻ സംബന്ധിച്ച് വിശദമായ പദ്ധതി പ്രഖ്യാപിക്കുമെന്നും മോദി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രസംഗം ഇങ്ങിനെ - രാജ്യം നാല് മാസമായി കൊവിഡുമായി യുദ്ധം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  രാഷ്ട്രത്തെ  അഭിസംബോധന ചെയ്യുകയാണ് അദ്ദേഹം. ഒരൊറ്റ വൈറസ് ലോകത്തെ തകിടംമറിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ പോരാട്ടം തുടരേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി കൊവിഡ് മൂലം ദുരിതത്തിലായിരുന്നു ലോകം. ലക്ഷക്കണക്കിന് പേർക്ക് രോഗം ബാധിച്ചു. ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിലും നിരവധി കുടുംബങ്ങൾക്ക് സ്വന്തക്കാരെ നഷ്ടമായി. എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ഒറ്റ വൈറസ്, ലോകത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. നിരവധി ജീവിതങ്ങൾ ബുദ്ധിമുട്ടിലായി.

ഒരു യുദ്ധമാണ് നടക്കുന്നത്. ഇത്തരം ഒരു ദുരിതത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. നമ്മൾ സങ്കൽപിച്ചതിനുമപ്പുറമാണിത്. പക്ഷേ, ക്ഷീണിക്കരുത്, തോൽക്കരുത്. അത് മനുഷ്യർക്ക് ഭൂഷണമല്ല. ധൈര്യത്തോടെ, എല്ലാ ചട്ടങ്ങളും പാലിച്ച് നമുക്ക് രക്ഷപ്പെടണം, മുന്നോട്ട് പോവുകയും വേണം. ഇന്ന് ലോകം ദുരിതത്തിലാണ്ടിരിക്കുമ്പോൾ കൂടുതൽ ഈ പോരാട്ടം ശക്തിപ്പെടുത്തണം. നമ്മുടെ ലക്ഷ്യം മികച്ചതായിരിക്കണം.

ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്നാണ് കരുതപ്പെടുന്നത്. കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്ന് വിഭജിക്കാവുന്നതാണ്. ഈ വെല്ലുവിളികളെ നേരിടാനും ഈ സ്ഥിതിയെ അവസരമായി കാണാനും കഴിയും. അതിനുള്ള ഒരു ഒരേ ഒരു വഴി, ധൈര്യത്തോടെ മുന്നോട്ടു പോകുന്ന ആത്മനിർഭരമായ ഭാരതം എന്നതാണ്. 

ഒരു രാജ്യമെന്ന നിലയിൽ പ്രധാനവഴിത്തിരിവിലാണ് നമ്മളുള്ളത്. ഇത്ര വലിയ ദുരിതം ഇന്ത്യക്ക് ഒരു സന്ദേശവും അവസരവും നൽകുന്നതാണ്. ഒരു ഉദാഹരണം പറയാം, കൊവിഡ് രോഗം വ്യാപിച്ച ഘട്ടത്തിൽ ഇന്ത്യയിൽ പിപിഇ കിറ്റുകൾ ഉൽപ്പാദിപ്പിച്ചിരുന്നില്ല. എൻ 95 മാസ്കുകൾ നാമമാത്രമായാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ഇന്ന് പ്രതിദിനം രണ്ട് ലക്ഷത്തിലേറെ പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരിതം അവസരമായി മാറ്റാനുള്ള ഇന്ത്യയുടെ കഴിവാണിത് കാണിക്കുന്നത്.

ഇന്ത്യ ലോകത്തിന് പ്രതീക്ഷ നൽകിയിരിക്കുകയാണ്. കൊവിഡിന് ശേഷം നമ്മൾ കൂടുതൽ കരുത്തുള്ളവരാകണം. നിരവധി രോഗങ്ങളെ നമ്മൾ ഇതിനു മുൻപ് നേരിട്ട് തോൽപിച്ചിട്ടുണ്ട്. ലോകത്തിന് യോഗ ഉൾപ്പെടെ ഇന്ത്യ നൽകിയ സംഭാവനകൾ നിരവധിയാണ്.  ഇപ്പോൾ ഇന്ത്യ നൽകിയ മരുന്നുകൾ ലോകത്തിന് രക്ഷയാകുന്നു. ലോകം നമ്മുടെ കഴിവിനെ അംഗീകരിക്കുന്നു. സ്വയം പ്രതിരോധത്തിന് 130 കോടി ജനങ്ങൾ പ്രതിഞ്ജയെടുക്കണം. രാജ്യം ഇപ്പോൾ വികസന പ്രവർത്തനങ്ങളിലേക്ക് തിരിച്ചു വരികയാണ്. മനുഷ്യകേന്ദ്രീകൃത‍മായ ശക്തി രാജ്യം ലോകത്തിന് കാണിച്ചുകൊടുത്തു. രാജ്യത്തിന്‍റെ സംസ്കൃതി തന്നെ വസുധൈവ കുടുംബകം എന്നതാണ്.

ലോകത്തിന് തന്നെ മാതൃകയാണ് രാജ്യത്തിന്‍റെ ചരിത്രം. ടിബിയോ, പോഷകമില്ലായ്മയോ, പോളിയോ നിർമാർജനമോ, ഏത് അസുഖത്തെയും ഇന്ത്യ മികച്ച രീതിയിൽ നേരിട്ടിട്ടുണ്ട്. ഇന്ത്യയിൽ നിർമിച്ച മരുന്നുകൾ പുതിയ പ്രത്യാശ നൽകിക്കൊണ്ട് ലോകത്തിന്‍റെ പലയിടത്തും എത്തും. ഇത് രാജ്യത്തിന് അഭിമാനമാണ്. രാജ്യത്തിന് അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയ്ക്ക് മികച്ച രീതിയിൽ മുന്നേറാൻ കഴിയും.

കച്ചിലെ ദുരന്തം നമ്മൾ കണ്ടതാണ്. പിന്നീട് സാധാരണ നിലയിലേക്ക് അവിടം തിരിച്ചു വരുമെന്ന് നമ്മൾ പ്രതീക്ഷച്ചതല്ല. പക്ഷേ നമ്മൾ തിരിച്ചു വന്നു. അഞ്ച് തൂണുകളിലാണ് രാജ്യത്ത് നിലനിൽപ്പ്. സാമ്പത്തികം, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ , ഭൂപ്രകൃതിയുടെ വൈവിധ്യങ്ങൾ എന്നിവയാണെന്നും മോദി പറഞ്ഞു.

Follow Us:
Download App:
  • android
  • ios