ദില്ലി: അമേരിക്കൻ സന്ദര്‍ശനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഹൂസ്റ്റണിലെ ചടങ്ങിനെത്തുന്നത് ഇന്ത്യൻ വംശജർക്കുള്ള വലിയ അംഗീകാരം ആണെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ബിൽ ആന്‍റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ അവാർഡ് സ്വച്ഛ ഭാരത് പദ്ധതിക്കുള്ള അംഗീകാരം ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

കശ്മീരിന്‍റെ ഭരണഘടനാ പദവി എടുത്തു കളഞ്ഞതും പാകിസ്ഥാന്‍റെ എതിര്‍പ്പും അടക്കമുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര ശ്രദ്ധ നിലനിൽക്കെ കശ്മീരിനെ കുറിച്ച് പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ എന്നതും ശ്രദ്ധേയമാണ്, ഏഴു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രിയാണ് യാത്ര തിരിക്കുന്നത്. പാകിസ്ഥാൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഒമാൻ വ്യോമപാത വഴിയാണ് പ്രധാനമന്ത്രിയുടെ യാത്ര. 24ന് ഡോണൾഡ് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. ഇരുപത്തിയേഴിനാണ് മോദി ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുന്നത്.