മോദി ലോകത്ത് തന്നെ ജനപ്രീതി കൂടിയ നേതാവാണെന്നും അടുത്ത 25 വർഷം മുന്നിൽ കണ്ട് നയമുണ്ടാക്കുന്ന നേതാവാണ് അദ്ദേഹമെന്നും മോദി ജാതിമത വേർതിരിവില്ലാത്ത നേതാവെന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു
ദില്ലി: കേരളത്തിലെ കോൺഗ്രസിന്‍റെ സമുന്നതനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏ കെ ആന്‍റണിയുടെ മകനെ ബി ജെ പി പാളയത്തിലെത്തിച്ചതിന് പിന്നിൽ വലിയ നീക്കങ്ങളും ലക്ഷ്യങ്ങളും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിലിനെ ബി ജെ പിയിലെത്തിക്കാനുള്ള നീക്കം നടന്നതെന്നാണ് വ്യക്തമാകുന്നത്. മോദി തന്നെയാണ് മുൻകൈ എടുത്തതെന്നാണ് മനസിലാക്കാനാകുന്നത്. പ്രധാനമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെയാണ് അനിലുമായി ബി ജെ പി നേതാക്കൾ ബന്ധപ്പെട്ടത്. അതിന് ശേഷം ചർച്ചകൾ അമിത് ഷായാണ് നിരീക്ഷിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് അനിൽ ബി ജെ പിയിലേക്ക് എത്തിയത്. ദേശീയ തലത്തിലാകും അനിലിന്‍റെ റോൾ എന്നാണ് സൂചന. അനിലിന്‍റെ ദേശീയ തലത്തിലെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബി ജെ പി എന്നാണ് വ്യക്തമാകുന്നത്.

അതേസമയം അനിൽ ആന്‍റണിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാൻ ബി ജെ പിയിൽ ആലോചനയുണ്ടെന്നാണ് സൂചന. അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും ബി ജെ പി പ്രചാരണമുണ്ട്. ആന്‍റണിയുടെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായാണ് ബി ജെ പി കാണുന്നത്. എല്ലാ കാലത്തും ബി ജെ പിയെ ശത്രുപക്ഷത്ത് നിർത്തിയ അതികായന്‍റെ മകന്‍റെ വരവിൽ പാർട്ടിക്ക് കണക്ക് കൂട്ടലേറെയാണ്. കോൺഗ്രസിൽ ഐ ടി വിഭാഗത്തിലെ സേവനത്തെക്കാൾ ഏ കെയുടെ മകൻ എന്ന നിലക്കുള്ള കൂടുതൽ പരിഗണന നൽകാനാണ് ബി ജെ പി ആലോചന. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ ഇറക്കാൻ വരെ സാധ്യതയുണ്ട്.
അതേസമയം ബി ജെ പിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് ഇന്ന് രാവിലെയും അനിൽ ആന്റണി പറഞ്ഞിരുന്നു. തന്നെ സ്വീകരിച്ചതിൽ ബി ജെ പി നേതൃത്വത്തിന് നന്ദി അറിയിക്കുകയും ചെയ്തു. കോൺഗ്രസ് ഇന്ന് പഴയ കോൺഗ്രസല്ലെന്നും ജനകീയ പ്രശ്നങ്ങളേക്കാൾ കോൺഗ്രസിന് ഇന്ന് വ്യക്തി താത്പര്യമാണുള്ളതെന്ന വിമർശനവും അനിൽ മുന്നോട്ടുവച്ചു. മോദി ലോകത്ത് തന്നെ ജനപ്രീതി കൂടിയ നേതാവാണെന്നും അടുത്ത 25 വർഷം മുന്നിൽ കണ്ട് നയമുണ്ടാക്കുന്ന നേതാവാണ് അദ്ദേഹമെന്നും മോദി ജാതിമത വേർതിരിവില്ലാത്ത നേതാവെന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു.
