സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ജിഎസ്ടി നിരക്കുകൾ കുറയ്ക്കും

ദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എം.എസ്.എം.ഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കും.

നിലവിലെ ജി.എസ്.ടി സംവിധാനത്തിൽ 0% മുതൽ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉൽപ്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ മെഗാ തെൊഴിലവസര പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനസംഖ്യക്ക് ഭീഷണിയായി നില്‍ക്കുന്ന നുഴഞ്ഞു കയറ്റത്തെ ചെറുക്കാന്‍ ഹൈപവര്‍ ഡെമോഗ്രാഫിക് മിഷന്‍ പ്രഖ്യാപിച്ച മോദി, ശത്രുവിനെ നേരിടാന്‍ കൂടുതല്‍ ശക്തമായ ആയുധ പ്രതിരോധ സംവിധാനം മിഷന്‍ സുദര്‍ശന്‍ ചക്രയും യാഥാര്‍ത്ഥ്യമാക്കുമെന്നും വ്യക്തമാക്കി.

ബജറ്റ് പ്രസംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം. ബിഹാറിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു പ്രഖ്യാപനങ്ങൾ. ദീപാവലി സമ്മാനമായാണ് ജിഎസ്ടി പരിഷ്ക്കാരം പ്രഖ്യാപിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറച്ച് മധ്യവര്‍ഗത്തിന്‍റെ ജീവിതം ആയാസ രരഹിതമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ മൂന്നര കോടി യുവാക്കളെ ലക്ഷ്യമിട്ടാണ് പിഎം വികസിത ഭാരതം തൊഴില്‍ പദ്ധതി ഇന്ന് മുതല്‍ യാഥാര്‍ത്ഥ്യമാകുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം സ്വകാര്യമേഖലയില്‍ ആദ്യമായി ജോലി പ്രവേശിക്കുന്നവര്‍ക്ക് പതിനയ്യായിരം രൂപ ലഭിക്കും.

YouTube video player