മോദിയുടെ സന്ദര്‍ശനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ധാക്കയില്‍ ഉയരുന്നത്. സ്വേച്ഛാധിപതി മടങ്ങി പോകണമെന്ന മുദ്രാവാക്യവുമായി നിരവധി പേര്‍ തെരുവിലിറങ്ങി. മുസ്ലീം വിരുദ്ധ നിലപാടാണ് മോദിയുടേതെന്ന ആരോപണവുമായി ഇന്നലെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം അക്രമാസക്തമായിരുന്നു.

ധാക്ക: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച മോദിയുടെ വിദേശ പര്യടനത്തിന് വീണ്ടും തുടക്കം. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. വ്യാപാരം, സ്റ്റാര്‍ട്ട് അപ്പ്, ദുരന്ത നിവാരണ മേഖലകളില്‍ ഇരു രാജ്യങ്ങളും സുപ്രധാന കരാറുകളിലേര്‍പ്പെടും. മോദിയുടെ സന്ദര്‍ശനത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ധാക്കയില്‍ പത്ത് മണിയോടെയെത്തിയ നരേന്ദ്രമോദിയെ പ്രധാനമന്ത്രി ഷെയക്ക് ഹസീന സ്വീകരിച്ചു. യുദ്ധ സ്മാരകത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഒരു ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു. ബംഗ്ലാദേശിന്‍റെ വികസനത്തില്‍ ഇന്ത്യ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ അമ്പതാം സ്വാതന്ത്ര്യവാര്‍ഷികാഘോഷങ്ങളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. 

സത്ഖിരയിലെ കാളിക്ഷേത്രവും, ഒരാഖണ്ഡിയിലെ മത് വാ ക്ഷേത്രവും മോദി സന്ദര്‍ശിക്കും. നാളെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്തെ വോട്ട് ബാങ്കില്‍ നിര്‍ണ്ണായക ശക്തിയായ മത വിഭാഗത്തിന്‍റെ ക്ഷേത്രത്തില്‍ മോദി സന്ദര്‍ശനം നടത്തുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.

അതേ സമയം മോദിയുടെ സന്ദര്‍ശനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ധാക്കയില്‍ ഉയരുന്നത്. സ്വേച്ഛാധിപതി മടങ്ങി പോകണമെന്ന മുദ്രാവാക്യവുമായി നിരവധി പേര്‍ തെരുവിലിറങ്ങി. മുസ്ലീം വിരുദ്ധ നിലപാടാണ് മോദിയുടേതെന്ന ആരോപണവുമായി ഇന്നലെ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധം അക്രമാസക്തമായിരുന്നു. പൊലീസുമായി ഏറ്റുമുട്ടിയ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെ പേര്‍ കസ്റ്റഡിയിലായി. മോദിയെ ക്ഷണിച്ച പ്രധാനമന്ത്രി ഷെയ്ക് ഹസീനക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.