അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന സോണിയാ ഗാന്ധി വസതിയിലെത്തി നേരിൽ കണ്ടാണ് ഖർഗെയെ അഭിനന്ദിച്ചത്
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. കോൺഗ്രസ് പ്രസിഡന്‍റ് എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മല്ലികാർജുൻ ഖർഗെക്ക് എന്‍റെ ആശംസകൾ എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഖർഗെക്ക് ഒരു മികച്ച ഫലവത്തായ ഭരണകാലം ഉണ്ടാകട്ടെയെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി ആശംസിച്ചു.
അതേസമയം രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ഖർഗയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്ന സോണിയാ ഗാന്ധി വസതിയിലെത്തി നേരിൽ കണ്ടാണ് ഖർഗെയെ അഭിനന്ദിച്ചത്. മകളും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും സോണിയക്കൊപ്പം ഖർഗേക്ക് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു. ഭാരത് ജോഡോ യാത്രയുമായി ആന്ധ്രപ്രദേശിലുള്ള മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
'ഖർഗെയുടെ വിജയം പാർട്ടിയുടെ വിജയം'; വിമതനായിട്ടല്ല മത്സരിച്ചത്, വലിയ പിന്തുണ കിട്ടിയെന്നും തരൂര്‍
ശശി തരൂരിന് കിട്ടിയ വോട്ടുകൾ പാർട്ടിയിലെ നവീകരണത്തിന്റെ സൂചനയെന്നാണ് കാർത്തി ചിദംബരം പ്രതികരിച്ചത്. ഉദയ‍്‍പൂർ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകും. ഖർഗെക്ക് അഭിനന്ദനങ്ങളെന്നും കാർത്തി വ്യക്തമാക്കി. ഖർഗേയുടെ നേത്യത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു.കോൺഗ്രസ് പാർട്ടിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മല്ലികാർജുൻ ഖർഗെയെ ഹൃദയപൂർവം അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. പ്രവർത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് അദ്ദേഹത്തിന് പ്രവർത്തിക്കാനാകട്ടെ എന്നും സതീശൻ ആശംസിച്ചു. ശശി തരൂർ കോൺഗ്രസിലെ ജനാധിപത്യ മൂല്യത്തെ തുറന്നു കാട്ടിയെന്നും വി.ഡി.സതീശൻ പ്രതികരിച്ചു. ഖർഗേയെ അഭിനന്ദിക്കുന്നതായും, അതേസമയം ശശി തരൂരിന്റെ വോട്ട് ശതമാനം പ്രാധാന്യമുള്ളതാണ് എന്ന് എം.കെ.രാഘവൻ എംപി പ്രതികരിച്ചു. ശശി തരൂർ ഉയർത്തിയ വിഷയങ്ങൾ ഹൈക്കമാൻഡ് പരിഗണിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
