ഔറംഗസേബിനോട് പോരാടിയ ഗുരു തേഗ് ബഹദൂർ എങ്ങനെ തീവ്രവാദത്തെ നേരിടണമെന്ന് രാജ്യത്തെ പഠിപ്പിച്ചു എന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി

അഹമ്മദാബാദ്: സിഖ് ഗുരുക്കന്മാർ മുന്നിയിപ്പ് നൽകിയ അപകടങ്ങൾ അതേ രൂപത്തിൽ ഇന്നും രാജ്യത്ത് തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). ജാഗ്രതയോടെ അതിനെ നേരിട്ട് രാജ്യത്തെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ഗുജറാത്തിൽ പറഞ്ഞു. ഗുജറാത്തിലെ കച്ചിൽ ഗുരുദ്വാര ലഖ്പത് സാഹിബിൽ ഗുരുപുറബ് ആഘോഷങ്ങളിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഔറംഗസേബിനോട് പോരാടിയ ഗുരു തേഗ് ബഹദൂർ എങ്ങനെ തീവ്രവാദത്തെ നേരിടണമെന്ന് രാജ്യത്തെ പഠിപ്പിച്ചു എന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി. പഞ്ചാബിലെ ലുധിയാനയിലെ കോടതിയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

ലുധിയാന സ്ഫോടനം, പിന്നിൽ ലഹരി മാഫിയ; സഹായം നൽകിയത് ഖലിസ്ഥാൻ സംഘടനകൾ, പൊലീസ് സ്ഥിരീകരണം

അതേസമയം ലുധിയാന സ്ഫോടനത്തിൽ ഖാലിസ്ഥാൻ ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ തന്നെ ഇക്കാര്യം വ്യക്തമാക്കി. കൊല്ലപ്പെട്ട ഗഗൻദീപിന് ഖാലിസ്ഥാൻ അടക്കം വിദേശസംഘടനകളുമായി ബന്ധമുണ്ടെന്നും ഡിജിപി അറിയിച്ചു. ലഹരിക്കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കാനാണ് ഇയാൾ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

രാജ്യത്തിന് പുറത്തുള്ള തീവ്രവാദസംഘടനകളും ഖാലിസ്ഥാൻ സംഘടനകളുമായി ഒരേ സമയം ഗഗൻദീപ് സിങ്ങിന് ബന്ധമുണ്ടെന്നാണ് പഞ്ചാബ് ഡിജിപി പറയുന്നത്. എന്നാൽ നിലവിൽ ഇതെകുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും ഡിജിപി വ്യക്തമാക്കി. ഇതിനൊപ്പം ലഹരിമാഫിയ, കള്ളക്കടത്ത് സംഘങ്ങളുമായും ഇയാൾ ബന്ധം പുലർത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ പ്രതിയായ ലഹരിക്കേസ് ലുധിയാന കോടതിയിൽ വിചാരണയിലിരിക്കെ അതുമായി ബന്ധപ്പെട്ട കോടതി രേഖകൾ നശിപ്പിക്കാൻ ആസൂത്രണം ചെയ്താണ് സ്ഫോടനമെന്ന് പൊലീസ് പറയുന്നു. കേസിൽ ഈ മാസം 24ന് ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഫോടനം നടത്തിയതെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം കേസിൽ മറ്റുപ്രതികൾക്കായി അന്വേഷണം തുടരുകയാണ്. സ്ഫോടനത്തിന് മുൻപ് ഗഗൻദീപ് നാല് ഫോൺകോളുകൾ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ് . ഇതിനിടെ ഗഗൻദീപിന്റെ ലുധിയാനയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി സഹോദരനെ കസ്റ്റഡിയിലെടുത്തു. രണ്ട് കിലോ ആർ ഡി എക്സ് ആണ്‌ സ്ഫോടനം നടത്താൻ ഉപയോഗിച്ചതെന്നാണ് വിവരം. എന്നാൽ സ്ഫോടനത്തെ തുടർന്ന് ശുചിമുറിയിലെ പൈപ്പ് പൊട്ടി സ്ഫോടകാവശിഷ്ടങ്ങൾ ഒഴുകി പോയെന്നും എൻഎസ് ജി സംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റ് ചെയ്ത് രണ്ട് പേരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.