സ്ഫോടനത്തിനായി ഖലിസ്ഥാൻ സംഘടനകളുടെ സഹായം കിട്ടിയെന്നും പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ വ്യക്തമാക്കി.

ദില്ലി: ലുധിയാന സ്ഫോടനത്തിന് (Ludhiana Blast) പിന്നിൽ ലഹരി മാഫിയയെന്ന് (Drug Mafia)പഞ്ചാബ് ഡിജിപി. ലഹരിക്കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കാൻ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻ ദീപ് നടത്തിയതാണ് സ്ഫോടനമെന്നാണ് പൊലീസ് കണ്ടെത്തൽ. സ്ഫോടനത്തിനായി ഖലിസ്ഥാൻ സംഘടനകളുടെ സഹായം കിട്ടിയെന്നും പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ വ്യക്തമാക്കി. അതേസമയം സ്ഫോടനത്തിന് ഉപയോഗിച്ചത് ആർഡിഎക്സ് ആണെന്ന പ്രാഥമിക റിപ്പോർട്ടും പുറത്തു വന്നു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് മുൻപൊലീസുകാരൻ ഗഗൻദീപ് സിങ്ങാണെന്നും ലഹരിമാഫിയ ആസൂത്രണം ചെയ്താണ് സ്ഫോടനമെന്നുമാണ് പഞ്ചാബ് പൊലീസ് ഇന്ന് സ്ഥീരീകരിച്ചത്. ഇയാൾക്കെതിരായ ലഹരിക്കേസിലെ കോടതി രേഖകൾ നശിപ്പിക്കാൻ ആസൂത്രണം ചെയ്താണ് സ്ഫോടനം. ഈ മാസം 24ന് കേസിൽ ഇയാൾ ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഫോടനം നടത്തിയതെന്നും ഡിജിപി വ്യക്തമാക്കി. സ്ഫോടനത്തിന് ഖാലിസ്ഥാൻ സംഘടനകളുടെ സഹായം കിട്ടിയെന്നാണ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ അറിയിച്ചത്. 

ലുധിയാന കോടതിയിൽ സ്ഫോടനം നടത്തിയത് മുൻ പൊലീസുദ്യോഗസ്ഥൻ, ഇയാൾ കൊല്ലപ്പെട്ടു

അതെസമയം കേസിൽ മറ്റുപ്രതികൾക്കായി അന്വേഷണം തുടരുകയാണ്. സ്ഫോടനത്തിന് മുൻപ് ഗഗൻദീപ് നാല് ഫോൺ
കോളുകൾ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കോളുകൾ കേന്ദ്രീകരിച്ചാണ് 
അന്വേഷണവും പുരോഗമിക്കുന്നത്. ഇതിനിടെ ഗഗൻദീപിന്റെ ലുധിയാനയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇയാളുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ചത് ആർഡിഎക്സ് ആണെന്നാണ് പ്രാഥമിക കണ്ടെത്തൽ രണ്ട് കിലോ ആർഡിഎക്സ് ആണ്‌ സ്ഫോടനം നടത്താൻ ഉപയോഗിച്ചതെന്നാണ് വിവരം. എന്നാൽ സ്ഫോടനത്തെ തുടർന്ന് ശുചിമുറിയിലെ പൈപ്പ് പൊട്ടി സ്ഫോടാകാവശിഷ്ടങ്ങൾ ഒഴുകി പോയെന്നും എൻഎസ് ജി സംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.