''പാവപ്പെട്ടവരുടെ ജീവിതം കോൺഗ്രസ് നേതാക്കൾക്ക് അഡ്വഞ്ചർ ടൂറിസവും വീഡിയോ ഷൂട്ടിംഗ് നടത്താനുള്ള സ്ഥലവുമായി''
ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ ഷൂട്ടുകളെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെ ജീവിതം കോൺഗ്രസ് നേതാക്കൾക്ക് അഡ്വഞ്ചർ ടൂറിസവും വീഡിയോ ഷൂട്ടിംഗ് നടത്താനുള്ള സ്ഥലവുമായെന്ന് മോദി കുറ്റപ്പെടുത്തി. കർഷകരുടെ കൃഷി സ്ഥലവും ഫോട്ടോ ഷൂട്ടിങ്ങിനുള്ള വേദിയായി മാറി. പക്ഷേ തനിക്ക് രാജ്യത്തേക്കാളും ജനങ്ങളെക്കാളും വലുതായി ഒന്നുമില്ലെന്ന് മോദി കൂട്ടിച്ചേർത്തു.
തലയില്‍ പെട്ടി ചുമന്ന് റെയില്‍വെ സ്റ്റേഷനിലൂടെ നടന്നു നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളും പാടത്തിലിറങ്ങി കർഷകർക്കൊപ്പം കൃഷി ചെയ്യുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിലായി ശ്രദ്ധനേടിയത് ഈസ്റ്റ് ദില്ലിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനിലൂടെ ചുവന്ന ഷര്‍ട്ട് ധരിച്ച് പോര്‍ട്ടറുടെ വേഷത്തിൽ നടന്നു നീങ്ങുന്ന രാഹുലിന്റെ ദൃശ്യങ്ങളായിരുന്നു.
റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ഗാന്ധി എത്തിയത്. അവർ നൽകിയ ചുവന്ന യൂണിഫോം ഷർട്ടും ബാഡ്ജും ധരിച്ച് പെട്ടി തലയിൽ ചുമന്ന് രാഹുല്‍ പിന്നീട് അവർക്കൊപ്പം നടന്നു. രാഹുല്‍ ഗാന്ധിക്കായി പോര്‍ട്ടര്‍മാര്‍ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കോൺഗ്രസിന്റെ നാടകമാണെന്നും ഇത്തരം വീഡിയോകളിലൂടെ പാവപ്പെട്ടവരുടെ ജീവിതം കോൺഗ്രസ് നേതാക്കൾ ഷൂട്ടിംഗിന് ഉപയോഗിക്കുകയാണെന്നുമാണ് പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
