അന്തരിച്ച അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി നേതൃയോഗത്തിലെ തീരുമാനപ്രകാരം അധികാരമേറ്റ സുനേത്ര, പാർട്ടിയുടെ ദേശീയ അധ്യക്ഷസ്ഥാനവും ഏറ്റെടുത്തേക്കുമെന്നാണ് സൂചന
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യയും എം പിയുമായ സുനേത്ര പവാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവർണർ ആചാര്യ ദേവവ്രത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞക്കായി സുനേത്രയെ ക്ഷണിച്ചപ്പോൾ 'അജിത് ദാദാ അമർ രഹേ' മുദ്രാവാക്യം മുഴക്കിയാണ് എൻ സി പി പ്രവർത്തകർ വരവേറ്റത്. നേരത്തെ അജിത് പവാറിന്‍റെ ഛായാ ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചാണ് സുനേത്ര വീട്ടിൽ നിന്ന് സത്യപ്രതിജ്ഞക്കായി തിരിച്ചത്. എൻ സി പിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് അജിത് പവാറിന്‍റെ പകരക്കാരിയായി സുനേത്രയെ തെരഞ്ഞെടുത്തത്. നിലവിൽ രാജ്യസഭാ എം പിയായി പ്രവർത്തിക്കുകയായിരുന്നു സുനേത്ര പവാർ. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രി എന്ന ഖ്യാതിയോടെയാണ് സുനേത്ര പവാർ അധികാരമേറ്റത്. സുനേത്രയ്ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്തെത്തി. സുനേത്ര പവാറിന് എല്ലാ വിധ ആശംസകളും നേരുന്നു എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. ജനങ്ങൾക്കായി അക്ഷീണം പ്രയത്നിക്കുമെന്നും, അജിത് പവാറിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്നും ഉറപ്പുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
ദേശീയ അധ്യക്ഷ സ്ഥാനവും ഏറ്റെടുക്കുമോ?
അജിത് പവാറിന് ശേഷം ആര് എൻ സി പിയെ നയിക്കും എന്ന ചോദ്യത്തിന് കൂടി ഉത്തരം കൂടിയാണ് സുനേത്രയുടെ ഉപമുഖ്യമന്ത്രി പദം. അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നേരത്തെ അംഗീകരിച്ചിരുന്നു. ഇന്നലെ പ്രഫുൽ പട്ടേൽ, സുനിൽ തത്ക്കറെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ നേതാക്കൾ ഫട്നവിസുമായി ചർച്ച നടത്തിയിരുന്നു. എൻ സി പി ദേശീയ അദ്ധ്യക്ഷ സ്ഥാനവും സുനേത്ര പവാർ ഏറ്റെടുക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതോടെ രാജ്യസഭ അംഗത്വം സുനേത്ര പവാർ രാജിവയ്ക്കും. അജിത് പവാറിൻ്റെ ബാരാമതി നിയമസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പിൽ സുനേത്ര ജനവിധി തേടുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത വിമാനപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന് ജീവൻ നഷ്ടമായത്. അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡി ജി സി എ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനം വാടകയ്ക്ക് നൽകിയ വി എസ് ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ബാരാമതിയിലെ അപകട സ്ഥലത്തടക്കം വിശദമായ പരിശോധന നടത്തിയിരുന്നു.


