കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്ത്, ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ്, കൂടുതൽ ട്രെയിനുകൾ പിടിച്ചിടുമോ ?
രാത്രി പത്തര മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് ട്രെയിനെത്തിയത്.

തിരുവനന്തപുരം : ഉദ്ഘാടന ദിനത്തിൽ കാസർകോട് നിന്നും ഓടിത്തുടങ്ങിയ കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി. രാത്രി പത്തര മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് ട്രെയിനെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാഗ് ഓഫ് നിർവഹിച്ചതിന് പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളുമായി ഒരു മണിയോടെയാണ് രണ്ടാം വന്ദേഭാരതിന്റെ ആദ്യയാത്ര ആരംഭിച്ചത്. കേന്ദ്ര മന്ത്രി വി .മുരളീധരൻ, മന്ത്രി അബ്ദുറഹ്മാൻ തുടങ്ങിയവരെല്ലാം യാത്രക്കാരായി ഉണ്ടായിരുന്നു. സ്റ്റേഷനുകളിൽ ആവേശകരമായ സ്വീകരണത്തോടെയാണ് വന്ദേഭാരത് തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത് ഉദ്ഘാടന ദിവസ പ്രത്യേക സർവീസ് മാത്രമാണ് പൂര്‍ത്തിയാക്കിയത്. ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ് തുടങ്ങും.
ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായി പുത്തൻനിറത്തിലുളളതാണ് രണ്ടാം വന്ദേഭാരത്. ആദ്യ വന്ദേഭാരത് വന്ന് അഞ്ച് മാസം തികയും മുമ്പാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് എട്ട് കോച്ചുകളുമായി പുത്തൻ വണ്ടിയെത്തിയത്. മറ്റ് എട്ട് പുതിയ വന്ദേഭാരത് ട്രെയിനുകൾക്കൊപ്പം ആഘോഷത്തോടെയായിരുന്നു ഫ്ലാഗ് ഓഫ്. വിവാദങ്ങൾക്കും പരാതികൾക്കുമൊടുവിൽ സ്റ്റോപ്പ് അനുവദിച്ച തിരൂരിലും ആവേശ വരവേൽപ്പാണ് വന്ദേഭാരതിന് ലഭിച്ചത്.
'വന്ദേ ഭാരതിന്റെ വിജയം'; തെളിയിക്കുന്നത് സില്‍വര്‍ ലൈനിന്റെ സാധ്യതയെന്ന് മന്ത്രി അബ്ദുറഹിമാന്‍
ചൊവ്വാഴ്ച വൈകീട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുക. പുതിയ വേഗ വണ്ടി കൂടിയെത്തുമ്പോൾ കൂടുതൽ ട്രെയിനുകൾ പിടിച്ചിടുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പാലക്കാട് ഡിവിഷനിൽ പ്രശ്നമുണ്ടാകില്ലെന്ന് റെയിൽവെ അറിയിക്കുന്നതെങ്കിലും വൈകീട്ട് തിരക്കേറിയ സമയത്ത് ട്രെയിനെത്തുന്ന ആലപ്പുഴ എറണാകുളം സെക്ഷനിലായിരിക്കും പിടിച്ചിടലിന് കൂടുതൽ സാധ്യത. സാധാരണ സർവീസ് തുടങ്ങുമ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തതയാകും. എങ്കിലും തെക്ക്- വടക്ക് റൂട്ടിൽ കേരളത്തിന് സ്വന്തമായി മറ്റൊരു പകൽ വണ്ടിയെന്നതാണ് ആശ്വാസം.