Asianet News MalayalamAsianet News Malayalam

'യുപി രണ്ടാംതരംഗം സമാനതകളില്ലാതെ നേരിട്ടു', വിമർശനങ്ങൾക്കിടെ പുകഴ്ത്തി പ്രധാനമന്ത്രി

കൊവിഡിനിടയിലും കൻവർ തീർത്ഥാടനയാത്ര അനുവദിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി യുപി സർക്കാരിന് നോട്ടീസയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പുകഴ്ത്തൽ. 1500 കോടി രൂപയുടെ പദ്ധതികളും വാരാണസിയിൽ സന്ദർശനത്തിനിടെ മോദി പ്രഖ്യാപിച്ചു. യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മോദിയുടെ പ്രഖ്യാപനം. 

pm narendra modi in varanasi up handled second wave of covid unparallel says pm
Author
Varanasi, First Published Jul 15, 2021, 1:59 PM IST

ദില്ലി: ഉത്തർപ്രദേശ് കൊവിഡ് രണ്ടാം തരംഗം സമാനതകളില്ലാതെ നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് സന്ദർശനത്തിനായി എത്തിയപ്പോൾ നടത്തിയ പരിപാടിയിലാണ് പ്രധാനമന്ത്രി യുപിയെ പുകഴ്ത്തിയത്. കൊവിഡിനിടയിലും കൻവർ തീർത്ഥാടനയാത്ര അനുവദിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി യുപി സർക്കാരിന് നോട്ടീസയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പുകഴ്ത്തൽ. 1500 കോടി രൂപയുടെ പദ്ധതികളും വാരാണസിയിൽ സന്ദർശനത്തിനിടെ മോദി പ്രഖ്യാപിച്ചു. യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മോദിയുടെ പ്രഖ്യാപനം. 

രണ്ടാം തരംഗം അതിന്‍റെ ഉച്ചസ്ഥായിയിലായിരുന്നപ്പോൾ പ്രതിദിനം 30,000-ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്ത യുപിയെ, കൊവിഡിനെ സമർത്ഥമായി നേരിട്ട സംസ്ഥാനമെന്നും, മഹാമാരി നേരിട്ട രീതിയെ അഭിനന്ദിച്ചേ തീരൂവെന്നും മോദി പറഞ്ഞു. 

''യുപി ഉയിർത്തെഴുന്നേറ്റ്, വൈറസിനെതിരെ യുദ്ധം ചെയ്തു. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമെന്ന നിലയ്ക്ക് ഉത്തർപ്രദേശ് മഹാമാരിയെ നേരിട്ട രീതി പ്രശംസനാർഹമാണ്. ഉത്തർപ്രദേശ് കൊവിഡ് രണ്ടാം തരംഗം സമാനതകളില്ലാതെ നേരിട്ടു'', എന്ന് മോദി. 

രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ നടപ്പാക്കിയ സംസ്ഥാനമെന്ന നിലയിലും ഉത്തർപ്രദേശിന് പ്രധാനമന്ത്രിയുടെ പ്രശംസലഭിച്ചു. കേന്ദ്രസർക്കാരിന്‍റെ കൊവിൻ പോർട്ടലിൽ 3.89 കോടി ഡോസുകൾ ഉത്തർപ്രദേശ് വിതരണം ചെയ്തുവെന്നാണ് കണക്ക് കാണിക്കുന്നത്. 

''കൊവിഡ് യോദ്ധാക്കൾക്ക് എന്‍റെ നന്ദി. എല്ലാവർക്കും സൗജന്യവാക്സീൻ എന്നതാണ് സർക്കാർ ലക്ഷ്യം. അതാണ് നടപ്പാക്കുന്നതും'', എന്ന് മോദി. 

ബുധനാഴ്ച കൊവിഡിനിടയിലും കൻവർ തീർത്ഥാടനയാത്ര അനുവദിച്ചതിനെതിരെ വിമർശനമുയർത്തിയ സുപ്രീംകോടതി, എന്തടിസ്ഥാനത്തിലാണ് സംസ്ഥാനം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മനസ്സിലാവുന്നില്ലെന്ന് പറഞ്ഞിരുന്നു. 

ഒപ്പം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനങ്ങളും പരാതികളുമായി സ്വന്തം ക്യാമ്പിലെ നേതാക്കളും എംഎൽഎമാരും തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നതാണ്. ലോക്സഭാ എംപിയായ സന്തോഷ് ഗാംഗ്‍വറാണ് ഏറ്റവും രൂക്ഷവിമർശനമുയർത്തിയവരിൽ ഒരാൾ. യുപിയിലെ ബറേലിയിൽ തന്‍റെ മണ്ഡലത്തിൽ വേണ്ട സഹായങ്ങളെത്തിക്കാൻ യുപിയിലെ ഭരണകൂടം വീഴ്ച വരുത്തിയെന്നായിരുന്നു സന്തോഷ് ഗാംഗ്‍വർ പരാതിപ്പെട്ടത്. ബുദ്ധിമുട്ടുകൾ പറയാൻ യുപിയിൽ ആരെയും ബന്ധപ്പെടാനാകുന്നില്ലെന്നും ഗാംഗ്‍വർ ആരോപിച്ചു. കേന്ദ്ര തൊഴിൽ മന്ത്രിയായിരുന്ന സന്തോഷ് ഗാംഗ്‍വറിനെ കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. 

ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന കാഴ്ചയും, കരകളിൽ കൂട്ടത്തോടെ കുഴിച്ചിട്ട കാഴ്ചകളും പുറത്ത് വന്ന യുപിയെക്കുറിച്ചാണ് പ്രധാനമന്ത്രി പ്രശംസ ചൊരിയുന്നത്. എന്നാൽ ഈ മരണങ്ങളൊന്നും കൊവിഡുമായി ബന്ധപ്പെട്ടതല്ലെന്നാണ് യുപി സർക്കാർ ഔദ്യോഗികമായി തന്നെ വിശദീകരിച്ചത്.

Follow Us:
Download App:
  • android
  • ios