നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ച മോദിയാണ് യഥാർത്ഥത്തിൽ പാകിസ്ഥാന്റെ പോസ്റ്റർ ബോയ്. പത്താൻകോട്ട് ഭീകരാക്രമണം അന്വേഷിക്കാൻ പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇൻ്റലിജൻസിന്റെ (ഐഎസ്ഐ) സഹായം തേടിയ ആളാണ് മോദിയെന്നും രാഹുൽ വിമര്‍ശിച്ചു.
ദില്ലി: ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പാകിസ്ഥാന്റെ 'പോസ്റ്റര്‍ ബോയി'കളാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി പറഞ്ഞ പോസ്റ്റര്‍ ബോയി താനല്ലെന്നും അത് മോദി തന്നെയാണെന്നും രാഹുല്‍ പറഞ്ഞു.
'നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ച മോദിയാണ് യഥാർത്ഥത്തിൽ പാകിസ്ഥാന്റെ പോസ്റ്റർ ബോയ്. പത്താൻകോട്ട് ഭീകരാക്രമണം അന്വേഷിക്കാൻ പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇൻ്റലിജൻസിന്റെ (ഐഎസ്ഐ) സഹായം തേടിയ ആളാണ് മോദിയെന്നും,' രാഹുൽ വിമര്‍ശിച്ചു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. ബാലാക്കോട്ടിൽ നടത്തിയ ആക്രമണത്തെപ്പറ്റി ഇന്ത്യൻ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടുകളെക്കാൾ വിദേശമാധ്യമങ്ങളിലെ റിപ്പോർട്ടുകളാണ് വിശ്വസനീയമെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ബാലക്കോട്ടിൽ നടത്തിയ ആക്രമണത്തിന്റെ തെളിവുകൾ പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് പോസ്റ്റർ ബോയ് എന്ന പരാമർശവുമായി മോദി എത്തിയത്. ബുധനാഴ്ച മധ്യപ്രദേശിലാണ് മോദി പ്രതിപക്ഷ നേതാക്കൾക്കെതിരെ പോസ്റ്റർ ബോയ് പ്രസ്താവന നടത്തിയത്.
