ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ദില്ലിയിൽ പുരോഗമിക്കുന്നതിനിടെ മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷക സമരത്തെയും കാർഷിക നിയമത്തെയും കുറിച്ച് പ്രത്യക്ഷ പരാമർശങ്ങൾ നടത്താതെ പുതുവത്സരവും കൊവിഡ് പ്രതിരോധത്തിലും ഊന്നൽ നൽകിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. കാർഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ ചർച്ച നടക്കാനിരിക്കെയാണ് മൻകീ ബാത്ത് നടക്കുന്നത്. അതേ സമയം ദില്ലിയിലെ സമരമുഖത്ത് നേരത്തെ നിശ്ചയിച്ചപോലെ പാത്രം കൊട്ടിയും കൈ കൊട്ടിയും കർഷകർ പ്രതിഷേധിക്കുകയാണ്. 

സിഖ് ഗുരുക്കൻമാരെ അനുസ്മരിച്ച മോദി ഓരോ പ്രതിസന്ധിയും നമ്മളെ ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നുവെന്നും മൻകീ  ബാത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനസമയത്ത് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ ജനം അംഗീകരിച്ചിരുന്നു. 2021 ൽ രോഗസൗഖ്യത്തിനാണ് മുൻഗണന നൽകുന്നത്. തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് നാം കൂടുതൽ പ്രാധാന്യം നൽകണം. സ്വാശ്രയത്വമാകണം പുതുവത്സര പ്രതിജ്ഞയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.