വീട്ടില്‍ നിർമ്മിച്ച മാസ്ക് ധരിച്ചാണ് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇക്കുറി 'ഗാംച'(Gamcha) കൊണ്ട് മുഖം മറച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്

ദില്ലി: കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൌണ്‍ നീട്ടുന്ന നിർണായക പ്രഖ്യാപനത്തിലും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടില്‍ നിർമ്മിച്ച മാസ്ക് അണിഞ്ഞാണ് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇക്കുറി 'ഗാംച'(Gamcha) ധരിച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്.

ലോക്ക് ഡൌണ്‍ മെയ് മൂന്ന് വരെ നീട്ടിയതായാണ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. നിര്‍ണായകമായ പോരാട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു എന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. ഏപ്രിൽ 20ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ വീണ്ടും കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഏഴിനനിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി 

  • മുൻപ് രോഗങ്ങൾ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം, അവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാൽ കരുതൽ വേണം 
  • സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം 
  • മാസ്ക് ധരിക്കണം, രോഗ പ്രതിരോധശേഷി കൂട്ടാൻ ശ്രമിക്കണം
  • ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങൾ പിന്തുടരണം
  • ദരിദ്ര വിഭാഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണം
  • ജോലിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകരുത്
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കണം 

Read more: സംസ്ഥാനങ്ങൾക്ക് അഭിനന്ദനം പോര പണം വേണം; പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ തോമസ് ഐസക്ക്