Asianet News MalayalamAsianet News Malayalam

പറഞ്ഞത് യാഥാർത്ഥ്യം, പാവങ്ങളുടെ സമ്പത്തിന്റെ എക്സ്റേയെടുക്കും: മുസ്ലിം സംവരണത്തിൽ പറഞ്ഞതിലുറച്ച് പ്രധാനമന്ത്രി

മുസ്ലീംങ്ങൾക്ക് ആദ്യ പരിഗണന നൽകുമെന്ന് മൻമോഹൻ സിംഗ് പറഞ്ഞത് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

PM Narendra Modi says Muslim reservation is Congress main agenda
Author
First Published Apr 23, 2024, 12:46 PM IST | Last Updated Apr 23, 2024, 12:46 PM IST

കോട്ട: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞത് യഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ റാലിയിൽ ഇന്ന് പ്രസംഗിച്ചപ്പോഴാണ് തന്റെ പ്രസംഗത്തിൽ മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് വിഭജനത്തിന് ശ്രമം നടക്കുന്നുവെന്നും വിഭജനം എക്കാലത്തും കോൺഗ്രസിൻ്റെ അജണ്ടയാണെന്നും കുറ്റപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

കോൺഗ്രസായിരുന്നു ഇപ്പോൾ രാജ്യം ഭരിച്ചിരുന്നതെങ്കിൽ തീവ്രവാദം തഴച്ചു വളരുമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരിൽ  കല്ലേറ് തുടരുമായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ ഹനുമാൻ ചാലീസ ചൊല്ലിയതിന് പാവപ്പെട്ട കടക്കാരനെ മർദ്ദിച്ചവശനാക്കി. രാമക്ഷേത്രം യാഥാർത്ഥ്യമാകാതിരിക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചു. രാമനവമി ആഘോഷങ്ങൾക്ക് പലയിടങ്ങളിലും തടസം ഉണ്ടാക്കാൻ നോക്കി. രാജസ്ഥാനിൽ രാമനവമി ഘോഷയാത്ര തടസപ്പെടുത്തി. ഹനുമാൻ ചാലീസ ചൊല്ലാനും, രാമനവമി ആഘോഷിക്കാനുമുള്ള സ്വാതന്ത്ര്യം മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

രാജസ്ഥാനിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കോൺഗ്രസിനെയും, ഇന്ത്യ സഖ്യത്തെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. സത്യമാണ് താൻ പറഞ്ഞത്. യഥാർത്ഥ്യമാണ് പറഞ്ഞത്. കോൺഗ്രസിന്റെ ഹിഡൻ അജണ്ടയാണ്  പുറത്ത് വിട്ടത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് തട്ടിയെടുക്കുക തന്നെ ചെയ്യും. പാവങ്ങളുടെ സമ്പത്തിൻ്റെ എക്സ് റേയെടുക്കും. പലവ്യഞ്ജന പെട്ടിയിൽ പോലും കൈയിട്ട് വാരുമെന്നും അദ്ദേഹം വിമർശിച്ചു.

മുസ്ലീംങ്ങൾക്ക് ആദ്യ പരിഗണന നൽകുമെന്ന് മൻമോഹൻ സിംഗ് പറഞ്ഞത് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം സംവരണം കോൺഗ്രസിൻ്റെ പ്രഥമ പരിഗണന തന്നെയാണ്. എസ്‌സി - എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് കോൺഗ്രസ് തുല്യ പരിഗണന നൽകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുതെ പറയുന്നതല്ല. മുസ്ലീംങ്ങൾക്ക് അധിക സംവരണം നൽകാനുള്ള നീക്കം സുപ്രീം കോടതി ഇടപെടലിലാണ് തടയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios