2019-20 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട്, മൂന്ന് ഗഡുക്കള്‍ ജൂലായിലു നവംബറിലും നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പറഞ്ഞ തീയതിയില്‍ പണം നല്‍കാനായില്ല. 

ദില്ലി: പ്രധാനമന്ത്രിയുടെ പിഎം കിസാന്‍ പദ്ധതി (പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി) പ്രകാരം ആറ് കോടി കര്‍ഷകര്‍ക്ക് 12,000 കോടി ഇന്ന് വിതരണം ചെയ്യും. ഇ ട്രാന്‍സ്ഫര്‍ വഴിയാണ് പണം നല്‍കുന്നത്. കര്‍ണാടക തുംകൂരിലാണ് ഉദ്ഘാടനം. ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ എന്നിവര്‍ പങ്കെടുക്കും. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൈമാറും.

വിളവെടുപ്പുത്സവമായ മകര സംക്രാന്തിക്ക് മുന്നോടിയായാണ് പദ്ധതിയുടെ ഗഡു നല്‍കുന്നത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 2000 രൂപയാണ് നല്‍കുന്നത്. ഫെബ്രുവരി 24നാണ് ആദ്യ ഗഡു നല്‍കിയത്. 2019 ഫെബ്രുവരി 24നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട്, മൂന്ന് ഗഡുക്കള്‍ ജൂലായിലു നവംബറിലും നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പറഞ്ഞ തീയതിയില്‍ പണം നല്‍കാനായില്ല.

പദ്ധതിക്ക് അര്‍ഹരായ 9.2 കോടി കര്‍ഷകരുടെ പട്ടികയാണ് കേന്ദ്ര കൃഷി വകുപ്പിന് ആദ്യ ഘട്ടത്തില്‍ ലഭിച്ചത്. ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകരെയും ഉള്‍പ്പെടുത്തിയതോടെ ഭൂവുടമകളായ എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6000 രൂപ മൂന്ന് ഗഡുക്കളായ നല്‍കും. നേരത്തെ അഞ്ച് ഏക്കര്‍ ഭൂമിവരെയുള്ള കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാല്‍, രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യം നല്‍കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ്, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളാണ് ആനുകൂല്യ വിതരണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ബംഗാളില്‍ അര്‍ഹരായ 72 ലക്ഷം കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചില്ലെന്ന് കേന്ദ്രം പറയുന്നു.