ദില്ലി: ബോളിവുഡ് നടന്‍ ആമിര്‍ ഖാന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിച്ചാണ് മോദി ആമിറിനോട് നന്ദി അറിയിച്ചത്. 

റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്ലാസ്റ്റിക്കിനിതിരെ പുതിയ വിപ്ലവം തുടങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബര്‍ 2 മുതല്‍ ഇത് ആരംഭിക്കണമെന്നായിരുന്നു ആഹ്വാനം. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. 

സ്വാതന്ത്രദിന പ്രസംഗത്തിലും 'പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ' എന്ന സ്വപ്നം മോദി പങ്കുവച്ചിരുന്നു. 'പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയ്ക്ക് പിന്തുണ നല്‍കിയതിന് നന്ദി ആമിര്‍ ഖാന്‍' എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. 'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനമെന്ന ദൗത്യത്തെ നമ്മള്‍ ശക്തമായി പിന്തുണക്കേണ്ടതുണ്ട്' എന്നായിരുന്നു ആമിറിന്‍റെ ട്വീറ്റ്. 

2018ല്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസവും 15000 ടണ്‍ പ്ലാസ്റ്റിക്കുകളാണ് പുറന്തള്ളുന്നത്. ഇതില്‍ 9000 ടണ്‍ പ്ലാസ്റ്റിക് പനരുപയോഗിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ബാക്കി 6000 ടണ്‍ പ്ലാസ്റ്റിക് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്തതാണ്.