മഹാബലിപുരത്തെ, ചരിത്രം ഓർമ്മപ്പെടുത്തിയുള്ള ഉച്ചകോടി ഷിജിൻപിങ്- നരേന്ദ്ര മോദി ബന്ധം കൂടുതൽ ഊഷ്മളമാക്കും...
ചെന്നൈ: ഇന്ത്യാ-ചൈന അനൗപചാരിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ മഹാബലിപുരം ഉച്ചകോടിക്ക് കഴിയുമെന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ സ്വാഗതം ചെയ്ത് തമിഴിലും ചൈനീസിലും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെ തമിഴ്‍നാട് വരവേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്‍നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രേമലത വിജയ്‍കാന്ത്, ഡോ. കൃഷ്ണസ്വാമി തുടങ്ങി എൻഡിഎ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് തയാറാക്കിയിരിക്കുന്നത്. സൗഹൃദ സംഭാഷണത്തിന് ശേഷം ഇരുനേതാക്കളും മഹാബലിപുരത്തെ പൈതൃക സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തെന്‍സില്‍ സുനന്ത്യു അടക്കം 42 ടിബറ്റന്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്. അര്‍ധസൈനിക വിഭാഗത്തിന് പുറമേ 500 ലധികം പൊലീസുകാരെയാണ് മഹാബലിപുരത്ത് വിന്യസിച്ചിരിക്കുന്നത്.
അതേസമയം, ചൈനീസ് പ്രസിഡന്റ് എത്തുന്ന ചെന്നൈയിലെ ഹോട്ടലിന് മുന്നിൽ ടിബറ്റൻ വിദ്യാർത്ഥികളുടെ പ്രതിഷേധമുണ്ടായി. കറുത്ത കൊടികളുമായാണ് പ്രതിഷേധക്കാർ എത്തിയത്. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടി; ചൈനീസ് പ്രസിഡന്‍റിനെ വരവേല്‍ക്കാനൊരുങ്ങി മഹാബലിപുരം
മഹാബലിപുരത്തെ ചരിത്രം ഓർമ്മപ്പെടുത്തിയുള്ള ഉച്ചകോടി ഷിജിൻപിങ് നരേന്ദ്ര മോദി ബന്ധം കൂടുതൽ ഊഷ്മളമാക്കും എന്ന പ്രതീക്ഷയിലാണ് വിദേശകാര്യമന്ത്രാലയം. ചരിത്രത്തോടുള്ള ഷി ജിൻപിങിൻറെ താല്പര്യം കണക്കിലെടുത്താണ് ഉച്ചകോടിയുടെ വേദി നിശ്ചയിച്ചത്. ഒപ്പം തെക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം കൂട്ടുക എന്ന ബിജെപി ലക്ഷ്യവും മഹാബലിപുരത്തെ ഉച്ചകോടിക്ക് പിന്നിലുണ്ട്.
