Asianet News MalayalamAsianet News Malayalam

'കൊവിഡ് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു', സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സീൻ തുടരും: പ്രധാനമന്ത്രി

ഓക്സിജൻ ലഭ്യത കൂട്ടാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മരുന്നുകളുടെ ലഭ്യത കൂട്ടാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച് വരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. 

 

pm narendran modi on covid spread india
Author
Delhi, First Published May 14, 2021, 12:37 PM IST

ദില്ലി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്സിജൻ ലഭ്യത കൂട്ടാൻ സാധ്യമായതെല്ലാം ചെയ്ത് വരികയാണെന്നും മരുന്നുകളുടെ ലഭ്യത കൂട്ടാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. 

സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സീനേഷൻ തുടരും. പൂഴ്ത്തിവയ്പ് തടയാൻ സംസ്ഥാന സർക്കാരുകൾ നടപടി എടുക്കണം. രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലേക്കും കൊവിഡ് പടരുന്നു. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

കൊവിഡ് തരംഗത്തിൽ കേന്ദ്ര സർക്കാരിനെ കാൺമാനില്ലെന്ന് ആക്ഷേപം, പാർട്ടിയിലും സംഘപരിവാറിലും വളരുന്ന അതൃപ്തി, കൂടെ നിന്ന സാമൂഹ്യ പ്രവർത്തകർ പോലും ഉയർത്തുന്ന വിമർശനം, പന്ത്രണ്ട് പ്രതിപക്ഷ പാർട്ടികളുടെ ഒറ്റക്കെട്ടായുള്ള സമ്മർദ്ദം. ഇതിനെല്ലാം ഇടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, സർക്കാരിന്റെ നീക്കങ്ങൾ എണ്ണിപറഞ്ഞ് രംഗത്ത് എത്തിയത്. 

കർഷകർക്ക് രണ്ടായിരം രൂപയുടെ എട്ടാം ഗഡു നല്കുന്നതിന് തുടക്കം കുറിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മരുന്നുകളുടെ ഉത്പാദനം വൻതോതിലാണ് കൂട്ടിയതെന്നും കൊവിഡ് വാക്സിനേഷനിൽ നിന്ന് സർക്കാർ പിൻവലിയില്ലെന്ന ഉറപ്പും പ്രധാനമന്ത്രി നൽകി. സർക്കാരിനെതിരെ കോടതികൾ ഉൾപ്പടെ വിമർശനം ഉന്നയിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വിശദമായ പ്രതികരണം. കാര്യങ്ങൾ നിയന്ത്രണത്തിലാക്കും എന്ന ഉറപ്പ് നൽകാൻ പ്രധാനമന്ത്രി ശ്രമിക്കുന്നു. രണ്ടാം തരംഗം സാമ്പത്തിക മേഖലയേയും കാര്യമായി ബാധിക്കുന്നു എന്ന സൂചനകൾ വരുമ്പോൾ ആത്മവിശ്വാസം നല്കാനുള്ള ശ്രമം കൂടിയാണ് ഇന്ത്യ ധൈര്യം കൈവിടില്ലെന്ന പ്രസ്താവനയിലൂടെ നരേന്ദ്ര മോദിയുടെ നടത്തുന്നത്.

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാമത്തെ ധനസഹായ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. 9.5 കോടി കര്‍ഷകകുടുംബങ്ങള്‍ക്കായി19,000 കോടി രൂപ സഹായമാണ് ലഭിക്കുക. നാല് മാസം കൂടുമ്പോൾ രണ്ടായിരം രൂപ വീതം വര്‍ഷം ആറായിരം രൂപ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക്  അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. പരിപാടിയില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ  സംവദിക്കുകയും ചെയ്തു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios