പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 35 കോടിയോളം രൂപ കാണാതായതായി പരാതി. സംഭവത്തിൽ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുമെന്ന് ബാങ്ക് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
ദില്ലി: ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നും ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിന്നുമായി 35 കോടിയോളം രൂപ കാണാതായെന്ന പരാതിയുമായി ഉപഭോക്താക്കൾ. ഗ്രേറ്റർ നോയിഡയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ നിന്നും തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടുകളിൽ നിന്ന് പണം മാറ്റിയെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ അഞ്ച് ബാങ്ക് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തു.
പിഎൻബിയുടെ സെക്ടർ പൈ-1 ശാഖയിലാണ് പരാതി ഉയർന്നത്. അക്കൗണ്ടിലെ ബാലൻസിൽ വലിയ കുറവ് വരികയും കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ഫിക്സഡ് ഡെപ്പോസിറ്റുകൾ അനുമതിയില്ലാതെ ക്ലോസ് ചെയ്യപ്പെടുകയും ചെയ്തതായി ഉപഭോക്താക്കൾ ആരോപിച്ചു. 35 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി ഉപഭോക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ തുക ബാങ്കോ പൊലീസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ലഭിച്ചത് 18 പരാതികൾ
പണം നഷ്ടമായ ഉപഭോക്താക്കൾ ബാങ്ക് ശാഖയ്ക്ക് മുന്നിൽ തടിച്ചുകൂടി. പണം തിരികെ ലഭിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ ധർണ്ണ നടത്തി. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. തൻ്റെ അക്കൗണ്ടിൽ 88 ലക്ഷം രൂപ ഉണ്ടായിരുന്നെന്നും ഇപ്പോൾ ബാലൻസ് 1 ലക്ഷമായി കുറഞ്ഞെന്നും വിജേന്ദ്ര സിംഗ് എന്ന ഉപഭോക്താവ് പറഞ്ഞു. തൻ്റെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് 39 ലക്ഷം രൂപ ഒറ്റയടിക്ക് കാണാതായതായി ഹനീഫ് ഖാൻ ആരോപിച്ചു. പണം പിൻവലിക്കപ്പെട്ടതായി തനിക്ക് മെസേജൊന്നും വന്നില്ലെന്നും ഒരു രേഖയിലും താൻ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നും ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിന്നും പണം നഷ്ടമായതായി പരാതി ഉയർന്നു. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാനും ട്രാൻസാക്ഷൻ വിവരങ്ങൾ അറിയാനും ബാങ്ക് ജീവനക്കാരെ സമീപിച്ചപ്പോൾ ഓഡിറ്റ് നടക്കുകയാണെന്നാണ് അധികൃതർ മറുപടി നൽകിയതെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ഈ കാലതാമസം കാരണം അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനോ തട്ടിപ്പ് നേരത്തെ കണ്ടെത്താനോ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. കേസിന്റെ വ്യാപ്തി പരിഗണിച്ച് അന്വേഷണം ഇക്കണോമിക് ഒഫൻസസ് വിംഗിന് കൈമാറിയേക്കും. ബാങ്കിന്റെ വിജിലൻസ് ടീമും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
പരാതികളെ തുടർന്ന് ബ്രാഞ്ച് മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ശാഖയിലെ മുഴുവൻ ജീവനക്കാരെയും മാറ്റുകയും ചെയ്തു. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുമെന്നും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുമെന്നും ബാങ്ക് ഉറപ്പുനൽകിയിട്ടുണ്ട്. എത്ര തുകയാണ് നഷ്ടമായത്, ആരാണ് തട്ടിപ്പ് നടത്തിയത് എന്നെല്ലാം അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.




