പാകിസ്ഥാൻ 1971-ലെ യുദ്ധത്തിന് ശേഷം ആദ്യമായി ബംഗാൾ ഉൾക്കടലിൽ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. ചൈനയിൽ നിന്ന് വാങ്ങിയ അത്യാധുനിക 'ഹംഗോർ ക്ലാസ്' അന്തർവാഹിനി വിന്യസിക്കുന്ന ഈ നീക്കം ഇന്ത്യയുടെ തന്ത്രപ്രധാന സമുദ്രമേഖലയിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നു.
ദില്ലി: ബംഗാൾ ഉൾക്കടലിൽ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ തകർന്നടിഞ്ഞ ശേഷം ആദ്യമായി സൈനിക സാന്നിധ്യം ശക്തമാക്കാൻ പാകിസ്ഥാൻ നാവികസേന ഒരുങ്ങുന്നു. ചൈനയിൽ നിന്ന് അടുത്തിടെ വാങ്ങിയ അത്യാധുനിക 'ഹംഗോർ ക്ലാസ്' അന്തർവാഹിനി ഇതിനായി വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്രമേഖല ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ഈ നീക്കം പ്രതിരോധ വൃത്തങ്ങളിൽ ആശങ്ക സൃഷ്‌ടിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചൈനയിൽ വച്ച് കമ്മീഷൻ ചെയ്ത ആദ്യ ഹംഗോർ ക്ലാസ് അന്തർവാഹിനി കഴിഞ്ഞ ആഴ്ചയാണ് കറാച്ചി തുറമുഖത്ത് എത്തിയത്. ഈ അന്തർവാഹിനിയുടെ വരവോടെ അറബിക്കടലിന് പുറത്തേക്ക്, യാതൊരു സ്വാധീനവുമില്ലാതിരുന്ന ബംഗാൾ ഉൾക്കടലിലേക്ക് കൂടി തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് പാക് നാവികസേന പ്രതീക്ഷ.
ഇന്ത്യയുടെ ഈസ്റ്റേൺ നേവൽ കമാൻഡ് സ്ഥിതി ചെയ്യുന്ന വിശാഖപട്ടണവും തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളും ബംഗാൾ ഉൾക്കടലിലാണ്. ഇന്ത്യയുടെ പ്രധാന വ്യാപാര-ഊർജ്ജ പാതകളും ഇതിലൂടെയാണ് കടന്നുപോകുന്നത്. ഈ മേഖലയിൽ നിലവിൽ ഇന്ത്യൻ നാവികസേനയ്ക്കാണ് പൂർണ്ണ മേധാവിത്വമുള്ളത്. 1971-ലെ യുദ്ധകാലത്ത് ഇന്ത്യൻ നാവികസേനയുടെ 'ഐഎൻഎസ് കുക്രി' എന്ന യുദ്ധക്കപ്പൽ തകർത്ത പാകിസ്ഥാന്റെ പഴയ അന്തർവാഹിനിയുടെ പേരാണ് 'പിഎൻഎസ് ഹംഗോർ'. ആ യുദ്ധത്തിൽ പാകിസ്ഥാൻ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്തതോടെ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള പാക് നാവികസേനയുടെ സാന്നിധ്യം പൂർണ്ണമായി ഇല്ലാതായിരുന്നു. ഈപശ്ചാത്തലത്തിലാണ് പാകിസ്ഥാൻ തങ്ങളുടെ പുതിയ പ്രൊജക്റ്റിന് 'ഹംഗോർ' എന്ന് വീണ്ടും പേരിട്ടിരിക്കുന്നത്. ചൈനയുടെ ടൈപ്പ് 039എ യുവാൻ ക്ലാസ് അന്തർവാഹിനിയുടെ രൂപരേഖയിലാണ് ഹംഗോർ നിർമ്മിച്ചിരിക്കുന്നത്. ആകെ എട്ട് ഹംഗോർ ക്ലാസ് അന്തർവാഹിനികളാണ് പാകിസ്ഥാൻ നാവികസേനയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ നാലെണ്ണം ചൈന നേരിട്ട് നിർമ്മിച്ചു നൽകും, ബാക്കി നാലെണ്ണം ചൈനീസ് സാങ്കേതികവിദ്യയോടെ പാകിസ്ഥാനിലെ കറാച്ചിയിൽ നിർമ്മിക്കും.
'എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ' സാങ്കേതികവിദ്യയുള്ളതാണ് ഈ അന്തർവാഹിനികൾ. സാധാരണ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളെപ്പോലെ ബാറ്ററികൾ ചാർജ് ചെയ്യാനായി ഇവയ്ക്ക് അടിക്കടി സമുദ്രോപരിതലത്തിലേക്ക് വരേണ്ടതില്ല. ആഴ്ചകളോളം വെള്ളത്തിനടിയിൽ കിടക്കാൻ ഇവയ്ക്ക് സാധിക്കും. ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ടെന്നാണ് സൂചന. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള സൈനിക-നയതന്ത്ര ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. 1971-ന് ശേഷം ആദ്യമായി കറാച്ചിയിൽ നിന്നും ചിറ്റഗോംഗിലേക്ക് നേരിട്ടുള്ള സമുദ്രവ്യാപാരം കഴിഞ്ഞവർഷം പുനരാരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ സംയുക്ത സൈനികാഭ്യാസത്തിനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനും കരാറുകൾ ഒപ്പിടുന്നത് ചർച്ചയിലാണ്. ബംഗ്ലാദേശിന്റെ ഈ മാറ്റം പാകിസ്ഥാന് ബംഗാൾ ഉൾക്കടലിൽ കൂടുതൽ എളുപ്പത്തിൽ സ്വാധീനമുറപ്പിക്കാൻ സഹായകരമായേക്കുമെന്നാണ് വിലയിരുത്തൽ.
ബംഗാൾ ഉൾക്കടലിനെ പൂർണമായി അധീനതയിലാക്കാൻ പാകിസ്ഥാന് കഴിയില്ല. പക്ഷെ, ചൈനയുടെ പിന്തുണയോടെയുള്ള ഈ കടന്നുകയറ്റം ഇന്ത്യയ്ക്ക് വലിയൊരു തലവേദനയായി മാറും. ഇതിനകം കറാച്ചിയിലെത്തിയ പാക് അന്തർവാഹിനിയുടെ ശബ്ദതരംഗങ്ങൾ കണ്ടെത്താനായി ഇന്ത്യൻ നാവികസേന തങ്ങളുടെ പി-8ഐ പൊസൈഡൻ നിരീക്ഷണ വിമാനങ്ങൾ ഉപയോഗിച്ച് അറബിക്കടലിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.


