റഷ്യന്‍ വ്യാപാരത്തിന്‍റെ പേരില്‍ ഇന്ത്യയ്ക്ക് തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണിക്കിടെ പാകിസ്ഥാനുമായുള്ള യുഎസിന്‍റെ അവിഹിത ബന്ധം വെളിപ്പെടുത്തി ഇന്ത്യന്‍ സൈന്യം. 

ഷ്യയുമായുള്ള ഇന്ത്യന്‍ വ്യാപാര ബന്ധത്തിന്‍റെ പേരിൽ തീരുവ കൂട്ടുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ഭീഷണിക്കിടെ യുഎസ്, പാകിസ്ഥാന് 2 ബില്യണ്‍ ഡോളറിന്‍റെ ആയുധങ്ങൾ നൽകിയെന്ന 1971 ലെ വാര്‍ത്ത പങ്കുവച്ച് ഇന്ത്യൻ സൈന്യത്തിന്‍റെ ഈസ്റ്റേൺ കമാൻഡ് രംഗത്ത്. തങ്ങളുടെ എക്സ് പേജിലാണ് ഈ പഴയ വാര്‍ത്തയുടെ ചിത്രങ്ങൾ ഈസ്റ്റേൺ കമാൻഡ് പങ്കുവച്ചത്. റഷ്യയുമായുള്ള ഇന്ത്യന്‍ വ്യാപാരത്തിന്‍റെ പേരില്‍ അമേരിക്കയും ഇന്ത്യം തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത് പങ്കുവച്ചതെന്നതും ഏറെ ശ്രദ്ധേയം.

ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് 1971 ഓഗസ്റ്റ് 5 -ന് ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്‍റെ ചിത്രമാണ് തങ്ങളുടെ ഔദ്ധ്യോഗിക എക്സ് ഹാന്‍റിലിലൂടെ പങ്കുവച്ചത്. "This Day That Year" എന്ന അടിക്കുറിപ്പോടെ യുദ്ധത്തിന്‍റെ വളർച്ച - 05 ഓഗസ്റ്റ് 1971 എന്ന ഹാഷ്‌ടാഗിലാണ് വാര്‍ത്താ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. ഒപ്പം #KnowFacts എന്ന ഹാഷ്‌ടാഗും ഉപയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം ' '54 മുതൽ പാകിസ്ഥാനിലേക്ക് അയച്ച 2 ബില്യൺ ഡോളറിന്‍റെ യുഎസ് ആയുധങ്ങൾ' വലിയ അക്ഷരത്തിലും ചെറിയ അക്ഷരത്തിലും എഴുതിയിരുന്നു.

യുഎസ് - പാകിസ്ഥാൻ സൈനിക ബന്ധത്തെക്കുറിച്ചുള്ള ഇന്ത്യൻ സൈന്യത്തിന്‍റെ ഈ എക്സ് പോസ്റ്റ് 1971 -ലെ ഇന്ത്യാ പാക് യുദ്ധത്തിന്‍റെ ഓർമ്മകള്‍ കൂടിയാണ്. കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിക്കാനുള്ള ഇന്ത്യ - പാക് യുദ്ധം ആരംഭിച്ചത് 1971 ഡിസംബറിലായിരുന്നു. ഈ യുദ്ധത്തിനും മാസങ്ങൾക്ക് മുമ്പാണ് 2 ബില്യണ്‍ ഡോളറിന്‍റെ ആയുധങ്ങൾ യുഎസ് പാകിസ്ഥാന് കൈമാറിയതെന്ന് വാര്‍ത്തയില്‍ പറയുന്നു. ആ വർഷം നടന്ന രാജ്യസഭാ സമ്മേളനത്തിനിടെയുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചാണ് വാർത്താ ലേഖനം റിപ്പോർട്ട് ചെയ്യുന്നത്.

Scroll to load tweet…

പാകിസ്ഥാന് യുഎസ് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് നാറ്റോ രാജ്യങ്ങളെയും സോവിയറ്റ് യൂണിയനെയും സമീപിച്ചിരുന്നുവെന്ന് അന്നത്തെ പ്രതിരോധ മന്ത്രി വി.സി. ശുക്ല പാർലമെന്‍റിന്‍റെ ഉപരിസഭയെ അറിയിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു, എന്നാൽ, ഇസ്ലാമാബാദിലേക്ക് ആയുധങ്ങൾ അയച്ചിട്ടില്ലെന്ന് സോവിയറ്റ് യൂണിയനും ഫ്രാൻസും അവകാശപ്പെട്ടു. എന്നാല്‍ യുഎസ് പാകിസ്ഥാനെ പിന്തുണച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. യുഎസ് മാത്രമല്ല, ചൈനയും ഇക്കാലത്ത് പാകിസ്ഥാന് ആയുധങ്ങൾ കൈമാറിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകൾ ഇന്ത്യന്‍ സൈന്യം അക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂർ എന്ന് പേരിട്ട ഇന്ത്യയുടെ ആക്രമണം നിര്‍ത്തിച്ചത് താനാണെന്ന് ട്രംപ് ഏതാണ്ട് 25 ഓളം തവണയാണ് അവകാശപ്പെട്ടതെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെ റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ എതിര്‍ത്ത ട്രംപ് പാകിസ്ഥാനുമായി വ്യാപാര കരാറില്‍ ഒപ്പ് വയ്ക്കുകയും ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തുകയും ചെയ്തു. ട്രംപിന്‍റെ ഈ നടപടിക്ക് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം പഴയ വാര്‍ത്തയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

അതേസമയം ട്രംപിന്‍റെ നടപടി ന്യായീകരിക്കാത്തതും യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം ശക്തമായ മറുപടി നൽകി. ആഗോള വിപണി സാഹചര്യങ്ങളുടെ നിർബന്ധിത ആവശ്യകതയാണ് മോസ്കോയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒപ്പം ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.