മുംബൈ: മഹാരാഷ്ട്രയിൽ മോഷ്ടാക്കളെന്ന് സംശയിച്ച് സന്ന്യാസിമാരെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വർഗീയ ധ്രുവീകരണത്തിനായി പ്രചരിപ്പിച്ചവർക്കെതിരെയും  അന്വേഷണം തുടങ്ങി

സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രായപൂർത്തിയാകാത്ത 9 പേരടക്കം 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുനൂറോളം പേർ ആക്രമണത്തിനുണ്ടായിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞെന്നും എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തും. വ്യാഴാഴ്ച രാത്രിയാണ് ലോക്ഡൗണിനിടെ സൂറത്തിലേക്ക് പോവുകയായിരുന്ന രണ്ട് സന്യാസിമാരെയും ഡ്രൈവറെയും പാൽഖറിൽ നിന്ന് 150 മീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ വച്ച് നാട്ടുകാർ തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവർ ഗ്രാമത്തിലെത്തിയിട്ടുണ്ടെന്ന പ്രചാരണം വിശ്വസിച്ച് ആയുധങ്ങളുമായി റോന്ത് ചുറ്റുന്നവരാണ് ആക്രമണം നടത്തിയത്. 

വിവരമറിഞ്ഞ കാസ പൊലീസ് സ്റ്റേഷനിൽ നിന്ന് 30 പൊലീസുകാരെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. ആൾക്കൂട്ടം പൊലീസിനെയും ആക്രമിച്ചു. രണ്ട് മതക്കാർ തമ്മിലുണ്ടായ സംഘർഷമല്ലെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി. കലാപത്തിന് ആഹ്വാനം ചെയ്യും വിധം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്.