രാജസ്ഥാനിൽ നീറ്റ് പുനപരീക്ഷയുടെ വ്യാജചോദ്യപ്പേപ്പർ വിൽപന നടത്തിയ വിദ്യാർത്ഥിയെ പൊലീസ് പിടികൂടി. 19കാരനായ ആകാശ് ചൗധരി ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷമാണ് നടപടി. 

ജയ്പുർ: രാജസ്ഥാനിലെ ഭിൽവാരയിൽ നീറ്റ് യുജി പുനപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാം വഴി വിൽപന നടത്തിയ വിദ്യാർത്ഥി അറസ്റ്റിലായി. പട്ടേൽ നഗർ സ്വദേശിയായ ആകാശ് ചൗധരി (19) ആണ് രാജസ്ഥാൻ പൊലീസിൻ്റെ പിടിയിലായത്. ചോദ്യപ്പേപ്പറിന് 4,000 രൂപയായിരുന്നു ഉദ്യോഗാർത്ഥികളിൽനിന്ന് ഈടാക്കിയിരുന്നത്. ദില്ലിയിൽനിന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം വെള്ളിയാഴ്ച പുലർച്ചെ ആണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. രാജ്യത്ത് ജൂൺ 21ന് നീറ്റ് യുജി പുനപരീക്ഷ നടക്കാനിരിക്കെ ആണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'പേപ്പർ മാഫിയ' എന്ന ടെലഗ്രാം ചാനലിലൂടെ ആണ് വ്യാജ ചോദ്യപ്പേപ്പർ വിൽപ്പന നടന്നത്. തിരിച്ചറിയാതിരിക്കാൻ യുഎസ് കേന്ദ്രീകരിച്ചുള്ള വിപിഎന്നും പ്രോക്സി നെറ്റുവ‍‌ർക്കുകളും ഉപയോഗിച്ചായിരുന്നു ചോദ്യപ്പേപ്പർ വിൽപന. 52 പേരായിരുന്നു ചാനലിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസീൻ്റെ കണ്ടെത്തൽ. ക്യൂആ‍ കോഡ് ഉപയോ​ഗിച്ചായിരുന്നു പണം സ്വീകരിച്ചിരുന്നത്.

ജയ്പുരിൽ മത്സരപരീക്ഷകൾക്ക് പരിശീലിച്ചുവരുന്ന ആകാശ് ചൗധരി, നീറ്റ് പരീക്ഷ പരിശീലന പുസ്തകങ്ങളിൽ നിന്നുള്ള ചോദ്യപ്പേപ്പറുകൾ സ്കാൻ ചെയ്താണ് യഥാ‍ർത്ഥ ചോദ്യപ്പേപ്പറുകൾ എന്ന വ്യാജേന വിൽപന നടത്തിയിരുന്നത്. രണ്ടു ദിവസം മുൻപാണ് പ്രതി ജയ്പുരിൽനിന്ന് വീട്ടിൽ എത്തിയത്. ഐടി, പബ്ലിക് എക്സാമിനേഷൻ ആക്ടുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്പെഷ്യൽ ബ്രാഞ്ചിനും ജില്ലാ സ്പെഷ്യൽ ടീമിനും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പരിശോധനയിൽ മൊബൈൽ ഫോൺ, നീറ്റ് പഠന സാമ​ഗ്രികൾ, വിവിധ രേഖകൾ എന്നിവ കണ്ടെടുത്തു. വിദ്യാ‍ർത്ഥിയുടെ ബാങ്ക് ഇടപാടകൾ അടക്കമുള്ള ഡിജിറ്റൽ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്. വിദ്യാ‍ർത്ഥി എത്ര പേരെ കബളിപ്പിച്ചു, എത്ര പണം സ്വീകരിച്ചു, കേസിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസിൻ്റെ അന്വേഷണ പരിധിയിലുണ്ട്.

രാജസ്ഥാനിലെ ഛുരു ജില്ലയിൽ ഉൾപ്പെടുന്ന റാവത്സർ ആണ് ആകാശ് ചൗധരിയുടെ കുടുംബത്തിൻ്റെ സ്വദേശം. കഴിഞ്ഞ 25 വ‍ർഷമായി കുടുംബം ഭിൽവാരയിൽ താമസിച്ചുവരികയാണ്.