കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ ബിജെപി നടത്തിയ സിഎഎ അനുകൂല റാലി പൊലീസ് തടഞ്ഞു. പ്രകടനക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് നയിച്ച റാലിയാണ് പൊലീസ് തടഞ്ഞത്. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കുനേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ബിജെപി സര്‍ക്കാറിനെതിരെ രംഗത്തെത്തി. സംസ്ഥാനത്ത് ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് ട്വീറ്റ് ചെയ്തു.

ബിജെപി നേതാക്കളെ പൊലീസ് കോളറില്‍ പിടിച്ച് തള്ളുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. വീഡിയോ ദൃശ്യവും ദിലിപ് ഘോഷ് പങ്കുവെച്ചു. ബിജെപി റാലിയെ തടുക്കാന്‍ കടത്തു സര്‍വീസ് നിര്‍ത്തിവെക്കുകയും റോഡ് ബ്ലോക്കാക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ നട്ടെല്ലില്ലാത്തവരാണെന്നും പരാന്നഭോജികളും ചെകുത്താന്മാരുമാണെന്നും ദിലിപ് ഘോഷ് ആരോപിച്ചിരുന്നു.

അനധികൃത കുടിയേറ്റക്കാരായ റോഹിംഗ്യകളെ സംരക്ഷിക്കുകയും ബിജെപിയെ ആക്രമിക്കുകയുമാണ് പൊലീസിന്‍റെ ഡ്യൂട്ടിയെന്നും ദിലിപ് ഘോഷ് വിമര്‍ശിച്ചു.