ചെന്നൈ: രാജ്യസഭാ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗങ്ങൾക്കെതിരായ വിവാദ പ്രസംഗത്തെ തുടർന്നാണ് നടപടി. പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയെ തുടർന്ന് മുൻകേന്ദ്രമന്ത്രിമാരും ഡിഎംകെ നേതാക്കളുമായ ദയാനിധിമാരനും ടിആർ ബാലുവും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

മദ്രാസ് ഹൈക്കോടതിയിൽ ഉൾപ്പടെ ധാരാളം ദളിത് വിഭാഗത്തിൽ നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിൻ്റെയും കരുണാനിധിയുടെയും ദയ കൊണ്ടാണെന്നുമായിരുന്നു ആർഎസ് ഭാരതിയുടെ വിവാദ പരാമർശം. എന്നാൽ സർക്കാർ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് ഭാരതി ആരോപിച്ചു.

 അണ്ണാഡിഎംകെ നേതാക്കൾക്ക് എതിരെ അഴിമതി കേസ് കൊടുത്തതിലെ പ്രതികാരമാണിതെന്നും ഭാരതി പറയയുന്നു. ആർഎസ് ഭാരതിയെ കൂടാതെ മുൻ കേന്ദ്രമന്ത്രിമാരായ ദയാനിധി മാരനും ടിആർ ബാലുവിനും എതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പൊലീസ് അറസ്റ്റിനൊരുങ്ങുന്നു എന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ദയാനിധി മാരാനും ടിആർ ബാലുവും കോടതിയെ സമീപിച്ചിരിക്കുന്നത്.