രാധികയ്ക്ക് നേരെ അഞ്ചുവട്ടം ദീപക് വെടിയുതിർത്തു. മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ തുളഞ്ഞു കയറി

ദില്ലി: ദേശീയ ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ അടിമുടി ദുരൂഹതയെന്ന് പൊലീസ്. അമ്മയുടെ പിറന്നാൾ ദിവസം അമ്മയ്ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് രാധിക യാദവിനെ അച്ഛൻ ദീപക് യാദവ് വെടിവെച്ച് വീഴ്ത്തിയത്. രാധികയ്ക്ക് നേരെ അഞ്ചുവട്ടം ദീപക് വെടിയുതിർത്തു. മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ തുളഞ്ഞു കയറി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ ദീപക് യാദവ് കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട്. എന്നാൽ കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന രാധികയുടെ അമ്മ ഇതുവരെ പൊലീസിന് മൊഴി നൽകിയിട്ടില്ല. അമ്മയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ മൊഴിയെങ്കിലും മറ്റു കാരണങ്ങൾ ഉണ്ടായോ എന്ന് അന്വേഷണത്തിലാണ് പൊലീസ്. സാമൂഹ്യ മാധ്യമത്തിൽ സുഹൃത്തുമായുള്ള വീഡിയോ രാധിക പങ്കുവെച്ചതാണ് കൊലപാതകത്തിന് കാരണമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. സ്വന്തം മകളെ അതിക്രൂരമായി പിതാവ് കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. രാധിക നടത്തിയിരുന്ന ടെന്നിസ് അക്കാദമിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മൊഴി. ഒപ്പം ഇയാൾക്കുണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളും അന്വേഷണപരിധിയിലാണ്.

കൂടാതെ മകളുടെ ചിലവിലാണ് താൻ കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസവും ദീപക്കിന് രാധികയോടുള്ള വിദ്വേഷം വർദ്ധിപ്പിച്ചന്ന് ദീപക് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇതുമാത്രമല്ല കൊലപാതകത്തിന് കാരണമെന്നാണ് നിലവിൽ പൊലീസ് വിലയിരുത്തുന്നത്. രാധികയും ആൺ സുഹൃത്തും ഒരുമിച്ചുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞദിവസം രാധിക പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയുടെ കാര്യം പറഞ്ഞും രാധികയും പിതാവും തമ്മിൽ തർക്കങ്ങൾ ഉണ്ടായതായും വിവരമുണ്ട്. കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

ടെന്നീസ് താരം രാധിക യാദവിനെ പിതാവ് കൊന്നത് എന്തിന്; കാരണങ്ങള്‍ അന്വേഷിച്ച് പൊലീസ്