എല്ലാവരുടെയും മൃതദേഹം അടക്കം ചെയ്തു. നൂറുകണക്കിന് പേരാണ് അന്ത്യകർമങ്ങൾക്ക് എത്തിയത്. നാടിനെ നടുക്കിയ കൊലപാതകമായതിനാൽ നാട്ടുകാർ ദീപാവലി ആഘോഷം ഒഴിവാക്കി.

ഉഡുപ്പി: കർണാടകയെ നടുക്കിയ ഉഡുപ്പി കൊലപാതകത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്. വീട്ടമ്മയെയും മൂന്ന് മക്കളെയും പട്ടാപ്പകൽ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഇനിയും പിടികൂടാനായില്ല. ഹസീന (46), അഫ്നാൻ(23), അ​ഗ്നാസ് (21), അസിം(12) എന്നിവരാണ് അതിക്രൂരമായി സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്. എന്തിനാണ് കൊലപാതകമെന്നോ ആരാണ് കൊല നടത്തിയതെന്നോ പൊലീസിന് വിവരമില്ല. കൊല്ലപ്പെട്ട ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് നാട്ടിലെത്തിയ ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.

അതിനിടെ പ്രതികളെ ഉടൻ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര നൂർ മുഹമ്മദിന് ഉറപ്പ് നൽകി. ഫോണിലൂടെ ആഭ്യന്തര മന്ത്രി അദ്ദേഹത്തെ ബന്ധപ്പെട്ടത്. തനിക്കുണ്ടായത് തീരാനഷ്ടമാണെന്നും കൊലപാതകത്തിൽ ആരും അഭ്യൂ​ഹമൊന്നും പ്രചരിപ്പിക്കരുതെന്നും പ്രതിയെ പൊലീസ് ഉടൻ പിടികൂടുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറ‍ഞ്ഞു. നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറ (70)ക്കും പരിക്കേറ്റു. ഇയാളുടെ മറ്റൊരു മകൻ അസദ് ബെം​ഗളൂരുവിൽ ജോലി ചെയ്യുകയാണ്.

 Read More...'ലക്ഷ്യമിട്ടത് എയർഹോസ്റ്റായ 23കാരിയെ, പ്രതിയെത്തിയത് 400 കിലോ മീറ്റർ അകലെ നിന്ന്'; കലാശിച്ചത് കൂട്ടക്കൊലയിൽ

കൊലപാതകിയെ കണ്ടെത്താൻ അഞ്ച് പൊലീസ് സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്ന് ഉഡുപ്പി എസ്പി കെ അരുൺ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. കുടുംബവുമായി പരിചയമുള്ള ആളാണ് കൊലപാതകിയെന്ന നി​ഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട ഹസീനയുടേതടക്കം ഫോൺ പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവികൾ പൊലീസ് അരിച്ചുപെറുക്കുകയാണെന്നും അറിയിച്ചു. എല്ലാവരുടെയും മൃതദേഹം അടക്കം ചെയ്തു. നൂറുകണക്കിന് പേരാണ് അന്ത്യകർമങ്ങൾക്ക് എത്തിയത്. നാടിനെ നടുക്കിയ കൊലപാതകമായതിനാൽ നാട്ടുകാർ ദീപാവലി ആഘോഷം ഒഴിവാക്കി.