Asianet News MalayalamAsianet News Malayalam

'ലക്ഷ്യമിട്ടത് എയർഹോസ്റ്റായ 23കാരിയെ, പ്രതിയെത്തിയത് 400 കിലോ മീറ്റർ അകലെ നിന്ന്'; കലാശിച്ചത് കൂട്ടക്കൊലയിൽ

യുവതിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയും ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

udupi police says about family murder case joy
Author
First Published Nov 13, 2023, 5:19 AM IST

മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമെന്ന് സൂചന. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയര്‍ഇന്ത്യയുടെ എയര്‍ഹോസ്റ്റസുമായ 23കാരി അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അഫ്‌സാന്‍ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. യുവതിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയും ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച ഓട്ടോറിക്ഷ ജീവനക്കാരന്‍ ശ്യാമിന്റെ മൊഴിയില്‍ നിന്നാണ് അയാള്‍ ബംഗളൂരുവില്‍ നിന്നാണ് ഉഡുപ്പിയില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതി ബംഗളൂരു കന്നഡ ഭാഷ സംസാരിച്ചിരുന്നതായാണ് ശ്യാം നല്‍കിയ മൊഴി. ഇതോടെയാണ് പ്രതിയുടെയും മരിച്ച യുവതിയുടെയും ബംഗളൂരു ബന്ധം അന്വേഷണപരിധിയിലെത്തിയത്. ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂയെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിനുള്ളില്‍ കയറിയ പ്രതി വാക്ക് തര്‍ക്കത്തിനൊടുവില്‍ അഫ്‌സാനെയാണ് ആദ്യം കുത്തിയതെന്നും പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്നലെ രാവിലെ 8.30നും ഒന്‍പതിനുമിടയിലാണ് സംഭവം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂര്‍ മുഹമ്മദിന്റെ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. സൗദി അറേബ്യയിലാണ് ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 


ഹാജിറയുടെ വയറ്റില്‍ നിരവധി കുത്തുകള്‍, അഭയം തേടിയത് ടോയിലറ്റില്‍, ആരോഗ്യനില തൃപ്തികരം

മംഗളൂരു: ഉഡുപ്പിയില്‍ യുവാവിന്റെ ആക്രമണത്തിനിരയായ വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണസംഘം. കൊല്ലപ്പെട്ട ഹസീനയുടെ ഭര്‍തൃമാതാവ് 70കാരിയായ ഹാജിറയുടെ ആരോഗ്യവസ്ഥയാണ് മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ഉഡുപ്പി പൊലീസ് പറഞ്ഞു. മരുമകള്‍ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റില്‍ കുത്തി. പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

കൊലപാതക വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റ് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. വാതില്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഭയന്ന ഹാജിറ മടിച്ചു. ഒടുവില്‍ പൊലീസ് വാതില്‍ ബലമായി തകര്‍ത്ത് ഹാജിറയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്ക്ക് ഒടുവില്‍ ഹാജിറയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 

പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: 'പ്രതി എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ' 
 

Follow Us:
Download App:
  • android
  • ios