ബെംഗളൂരു: കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനും അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ അറസ്റ്റിൽ. ഇയാളെയും മൂന്ന് കൂട്ടാളികളെയും ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. കളിയിക്കാവിള പ്രതികൾ  ഉൾപ്പെട്ട അൽ ഉമ്മയുടെ  പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു ഗുരപ്പനപ്പാളയയിൽ നിന്നാണ് മഹബൂബ് പാഷ പിടിയിലായത്. ഇയാളുടെ സംഘത്തിൽപെട്ട ജബിയുളള, മൻസൂർ ഖാൻ, അജ്മത്തുളള എന്നിവരും അറസ്റ്റിലായി. 
പ്രത്യേക എൻഐഎ കോടതി ഇവരെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ ഉൾപ്പെട്ട സംഘത്തെ നയിച്ചത് മഹബൂബ് പാഷയാണെന്നാണ് പൊലീസ് പറയുന്നത്. ഐഎസിൽ ചേർന്ന ശേഷം മടങ്ങിയെത്തിയ മെഹബൂബ് പാഷ മൊയ്നുദ്ദീൻ ഖ്വാജയുമായി ചേർന്ന് അൽ ഉമ്മയുടെ പ്രവർത്തനം ഏറ്റെടുത്തെന്ന് എഫ്ഐആറിലുണ്ട്. ഹിന്ദുമുന്നണി നേതാവ് സുരേഷിന്‍റെ കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിൽ നിന്ന് ആറ് വർഷം മുമ്പ് പ്രവർത്തനം കർണാടകത്തിലേക്കും ദില്ലിയിലേക്കും മാറ്റി. ഹിന്ദു സംഘടനാ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വധിക്കാനുളള ആസൂത്രണം ബെംഗളൂരുവിലെ മെഹബൂബ് പാഷയുടെ വീട് കേന്ദ്രീകരിച്ച് നടന്നു. മൂന്ന് പേർക്ക് ചാവേറാകാൻ പരിശീലനം നൽകി. 

നിരോധിത സംഘടനയായ സിമിയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. വിദേശത്ത് നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യാനുളള നീക്കം മെഹബൂബ് പാഷ നടത്തിയെന്നും പൊലീസ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്ന സംഘത്തിലെ 17 പേരും ഇതോടെ പൊലീസ് പിടിയിലായി. കളിയിക്കാവിള കേസുമായി ബന്ധപ്പെട്ട് മെഹബൂബ് പാഷയെ തമിഴ്നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തേക്കും.

Read More:കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം; മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി...