ദില്ലി: ദില്ലിയില്‍ ഷഹീന്‍ബാഗില്‍ നടന്ന പൗരത്വ പ്രതിഷേധത്തിന് നേരെ വെടിയുതിര്‍ത്ത ആളെ പൊലീസ് കസറ്റഡിയില്‍ എടുത്തു. ദില്ലി സ്വദേശിയായ കപില്‍ ഗുജ്ജാര്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. സമരക്കാർ ഇരിക്കുന്ന വേദിക്ക് സമീപത്തുള്ള ജസോല ട്രാഫിക് ലൈറ്റിലാണ് വെടിവപ്പ് നടന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാർക്കെതിരെ മുഹമ്മദ് ലുഖ്‍മാന്‍ എന്നയാള്‍ തോക്ക് ചൂണ്ടിയതിന്‍റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണമുണ്ടാവുന്നത്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും ദിവസങ്ങള്‍ക്ക് മുമ്പ് വെടിവെപ്പ് നടന്നിരുന്നു. പൗരത്വ നിയമ ഭേദ​ഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാ​ഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. 

അതേസമയം ഷഹീൻബാ​ഗിൽ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.“ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ സർക്കാർ തയ്യാറാണ്, പക്ഷേ അത് ഘടനാപരമായ രൂപത്തിലായിരിക്കണം. അവരുമായി ആശയവിനിമയം നടത്താനും പൗരത്വ നിയമ ഭേ​ഗദതിയെക്കുറിച്ചുള്ള അവരുടെ എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്ര മോദി സർക്കാർ തയ്യാറാണ്,” രവിശങ്കർ‌ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.  

താൻ പങ്കെടുത്ത ഒരു ടിവി ചർച്ചയുടെ ലിങ്കും മന്ത്രി പങ്കുവച്ചിട്ടുണ്ട്. ചർച്ചയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട ഒരാൾ മന്ത്രിയോട് ചോദിക്കുന്നുണ്ട്, എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കാത്തത് എന്ന്. ഇത് മറുപടി നൽകിയിരിക്കുകയാണ് മന്ത്രി.