ആഗ്ര: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി നേതാവ്. ആഗ്രയിലെ കൊവിഡ് മരണം സംബന്ധിച്ചുള്ള ട്വീറ്റിന്‍റെ പേരില്‍ ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയതിന് തൊട്ട് പിന്നാലെയാണ് ബിജെപി ജില്ലാ നേതാവ് പൊലീസിലും പരാതി നല്‍കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഒരു മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട് ടാഗ് ചെയ്താണ് ആഗ്രയില്‍ 48 മണിക്കൂറിനുള്ളില്‍ 28 പേര്‍ കൊവിഡ‍് ബാധിച്ച് മരിച്ചുവെന്ന് തിങ്കളാഴ്ച പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതുമായിരുന്നു ട്വീറ്റ്. എന്നാല്‍, ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ പ്രിയങ്ക ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബിജെപി കിസാന്‍ മോര്‍ച്ച ജില്ലാ യൂണിറ്റ് വൈസ് പ്രസിഡന്‍റ് ഗോവിന്ദ് ചഹാറിന്‍റെ പരാതിയില്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കരിനെയും ജില്ലാ ഭരണകൂടത്തെയും മോശമാക്കി ചിത്രീകരിക്കാനാണ് ശ്രമങ്ങളെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആഗ്ര പൊലീസ് സീനിയര്‍ സൂപ്രണ്ട് ബബ്‍ലു കുമാര്‍ പറഞ്ഞു.

അതേസമയം, കൊവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് മനോജ് ശര്‍മ ബിജെപിക്കെതിരെ രംഗത്ത് വന്നു. പൊലീസ് സ്റ്റേഷനില്‍ അനാവശ്യമായി കൂട്ടമായെത്തി സാമൂഹിക അകലം പാലിച്ചില്ലെന്നാണ് മനോജ് ശര്‍മയുടെ ആരോപണം.