ലക്നൗ: ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ത്ഥ് നഗറില്‍ നടുറോഡിലിട്ട് യുവാവിനെ തല്ലിച്ചതച്ച് പൊലീസുദ്ദ്യോഗസ്ഥര്‍. യുവാവിന്‍റെ ബന്ധുവായ കുട്ടി നോക്കി നില്‍ക്കെയാണ് ഇയാളെ അതിക്രൂരമായി നിലത്തിട്ട് ചവിട്ടിയും അടിച്ചും ഇടിച്ചും ആക്രമിക്കുന്നത്. ദൃക്സാക്ഷികളിലൊരാള്‍ പകര്‍ത്തിയ മര്‍ദ്ദനത്തിന്‍റെ വീ‍ഡിയോ ഇപ്പോള്‍ വൈറലാണ്. 

യുവാവിനെ മര്‍ദ്ദിക്കാനുണ്ടായ കാരണം വ്യക്തമല്ല.  റിങ്കു പാണ്ഡേയെന്ന യുവാവിനെയാണ് മര്‍ദ്ദിച്ചത്. ഇയാള്‍ മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ വാഹനത്തിന്‍റെ പേപ്പര്‍ പരിശോധിക്കാന്‍ തടഞ്ഞ പൊലീസുമായി വാഗ്വാദമുണ്ടായി. തുടര്‍ന്നാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ ഒപ്പമുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. കുട്ടിയുടെ കയ്യില്‍ മുറിവേറ്റിട്ടുണ്ട്. 

വീഡിയോ പുറംലോകത്തെത്തിയതോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍റ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഇന്‍സ്പെക്ടര്‍ വിരേന്ദ്രമിശ്ര, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. 

ഇരുവരും യുവാവിനെ അസഭ്യം പറയുകയും ചെയ്തു. നിലത്തുവീണ യുവാവിന്‍റെ മേല്‍ പൊലീസുകാരില്‍ ഒരാള്‍ കയറിയിരിക്കുകയും ചെയ്തിരുന്നു. മുടിപിടിച്ച് വലിച്ചും ഇയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ''എന്‍റെ ഭാഗത്തുതെറ്റുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നെ ജയിലിലടക്കാം'' - പൊലീസുകാരോട് ഇയാള്‍ ഹിന്ദിയില്‍ പറയുന്നുണ്ടായിരുന്നു. കുട്ടി പേടിച്ച്  ഇയാള്‍ക്ക് ചുറ്റും നടക്കുന്നതും വീഡിയോയില്‍ കാണാം. 

"