ദില്ലി: പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചുള്ള,  ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ദില്ലി മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂ ദില്ലി ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.  വിദ്യാര്‍ത്ഥികള്‍ സമരത്തിന് എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് നടത്തുമെന്ന വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മണ്ഡിഹൗസില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പന്ത്രണ്ട് മണിയോടെ മാര്‍ച്ച് ആരംഭിക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്. നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനാണ് ജാമിയ സമരസമിതി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍,  ഇന്നലെ കൂടിയ പൊലീസ് യോഗം അതിന് അനുമതി നിഷേധിച്ചതോടെയാണ് മാര്‍ച്ച് മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്ക് നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. 

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള മാര്‍ച്ചും മണ്ഡിഹൗസില്‍ ഇന്ന് നടക്കും.  ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.