രാജ്യത്തിന് വേണ്ടി പോരാടി മരിച്ച ജവാന്‍റെ പിതാവെന്ന പരിഗണന നല്‍കാതെയാണ് പൊലീസ് അതിക്രമിച്ചതെന്ന് രാജ് കപൂർ സിംഗിന്‍റെ കുടുംബം ആരോപിച്ചു.
പാട്ന: രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികന്‍റെ പിതാവിന് നേരെ പൊലീസിന്‍റെ കൊടും ക്രൂരത. വീരമൃത്യുവിരിച്ച സൈനികന്‍റെ പിതാവിനെ പൊലീസ് വീട്ടില്‍ കയറി വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം. ബിഹാറിലെ വൈശാലി ജില്ലയിലാണ് ദാരുണണായ സംഭവം നടന്നത്. രക്തസാക്ഷിയായ മകന്റെ പേരിൽ സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്താവകാശം സബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയാണ് 2022 ജൂൺ 15 ന് ഗാൽവാൻ വാലി ഏറ്റുമുട്ടല്ലില്‍ വീരമൃത്യുവരിച്ച ജയ് കിഷോർ സിങ്ങിന്റെ പിതാവ് രാജ് കപൂർ സിംഗിന് നേരെ പൊലീസ് അതിക്രമം നടന്നത്.
രണ്ടര വർഷം മുമ്പാണ് ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ജയ് കിഷോർ സിങ്ങ് കൊല്ലപ്പെടുന്നത്. രാജ്യത്തിന് വേണ്ടി പോരാടി മരിച്ച ജവാന്‍റെ പിതാവെന്ന പരിഗണന നല്‍കാതെയാണ് പൊലീസ് അതിക്രമിച്ചതെന്ന് രാജ് കപൂർ സിംഗിന്‍റെ കുടുംബം ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച പൊലീസ് രാജ് കപൂർ സിംഗിനെതിരെ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം ജൻദാ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വകീരിക്കുക മാത്രമാണ് ചെയ്തതെന്നും വിശദമാക്കുന്നു. രാജ് കപൂർ സിംഗിനെതിരെ ഹരിനാഥ് റാം എന്നയാള്‍ പരാതി നല്‍കിയിരുന്നു.
അതേസമയം പരാതിക്കാരനായ ഹരിനാഥ് റാമും രാജ്കപൂർ സിംഗും തമ്മിൽ രണ്ട് വർഷമായി ഭൂമി തർക്കം നില നില്‍ക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഹരിനാഥ് റാമും രാജ്കപൂർ സിംഗും ഒരേ ഗ്രാമത്തിലുള്ളവരും ഭൂമിയുടെ അതിര്‍ത്തി പങ്കിടുന്നവരുമാണ്. ജയ് കിഷോർ സിങ്ങിന്‍റെ മരണശേഷം ബിഹാർ സർക്കാര്‍ പ്രതിനിധികളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമടക്കം കുടുംബത്തെ സന്ദര്‍ശിച്ച് ഒരു സ്മാരകം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനായി ഭൂമി അനുവദിക്കുയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. ഇതോടെ സര്‍ക്കാര്‍ ഭൂമിയില്‍ സ്മാരകം നിർമിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. എന്നാല്‍ ഹരിനാഥ് റാം ഇതിനെ എതിര്‍ത്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ ആണ് രാജ്കപൂർ സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
എന്നാല്‍ ഇത്തരമരു പരാതിയെക്കുറിച്ചോ എഫ്ഐആര്‍ രജിസ്ടര്‍ ചെയ്തതിനെ കുറിച്ചോ തങ്ങള്‍ക്ക് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് രാജ്കപൂർ സിംഗിന്റെ മൂത്ത മകനും സൈനികനുമായ നന്ദകിഷോര്‍ സിംഗ് പറഞ്ഞു. ഒരു ദിവസം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്‍റ് വീട്ടില്‍ കയറി വന്ന് സഹോദരന്‍റെ പ്രതിമ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ആകെ സ്തബ്ധരായ കുടുംബാംഗങ്ങള്‍ നോക്കി നില്‍ക്കെ എസ് എച്ച് ഒ പിതാവിനെ അസഭ്യം പറഞ്ഞു. വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു. നിയമം പാലിച്ച് ജീവിക്കുന്നവരാണ് ഞങ്ങള്‍. രാജ്യത്തിനായി സൈനിക സേവനം അനുഷ്ടിക്കുന്നവരാണ്, എന്നിട്ടും പൊലീസ് വളരെ മോശമായി പെരുമാറിയെന്ന് നന്ദ കിഷോര്‍ ആരോപിച്ചു.
Read More : ഖുഷ്ബുവിന് പുതിയ നിയമനം നൽകി കേന്ദ്രസർക്കാർ; പ്രതികരണവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ
