വിവരം തിരക്കാനെന്ന പേരിൽ വാട്സാപ്പിലൂടെ സമൻസ് അയച്ചു വിളിച്ചു വരുത്തിയതിനു ശേഷം ഫോൺ പിടിച്ചെടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും ചെന്നൈ പ്രസ്ക്ലബ്ബ് വ്യക്തമാക്കി.
ചെന്നൈ: മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന ചെന്നൈ പൊലീസിന് മുന്നറിയിപ്പുമായി പ്രതിഷേധ കൂട്ടായ്മ. എഫ്ഐആര്‍ ചോർച്ചയുടെ പേരിൽ മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചെന്നൈ പ്രസ് ക്ലബ്ബ് വ്യക്തമാക്കി. അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ എഫ് ഐ ആര്‍ ചോർന്നത് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത് മറയാക്കി മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് പ്രത്യേക അന്വേഷണ സംഘം. വിവരം തിരക്കാനെന്ന പേരിൽ വാട്സാപ്പിലൂടെ സമൻസ് അയച്ചു വിളിച്ചു വരുത്തിയതിനു ശേഷം ഫോൺ പിടിച്ചെടുക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും ചെന്നൈ പ്രസ്ക്ലബ്ബ് വ്യക്തമാക്കി. എഫ് ഐ ആര്‍ അപ്ലോഡ് ചെയ്തവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതി.
എന്നാൽ ചട്ടപ്രകാരം മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം എഫ് ഐ ആര്‍ ഡൗണ്‍ലോഡ് ചെയ്ത് മാധ്യമപ്രവർത്തകരെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധ കൂട്ടായ്മ പറഞ്ഞു. എത്ര ഭാര്യമാർ ഉണ്ട്, സ്വർണമുണ്ട്, എഫ് ഐ ആര്‍ വിറ്റ് പണമുണ്ടാക്കുമോ തുടങ്ങി അസംബന്ധ ചോദ്യങ്ങൾ ആണ് പൊലീസ് ചോദിച്ചതെന്ന് മാധ്യമ പ്രവർത്തകനായ ഷബീർ അഹ്മദ് പറഞ്ഞു. പൊലീസ് നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കി.
