ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ലുക്ക്ഔട്ട് നോട്ടീസ്. ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് കേസ്.
മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ് . കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിൽ പ്രതികളായതിനെ തുടർന്നാണ് ഈ നടപടി. തങ്ങളുടെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിയെ 60 കോടി രൂപ തട്ടിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നടത്തിയ അന്വേഷണത്തിൽ ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും യാത്രാ രേഖകൾ പരിശോധിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ ഓഡിറ്ററെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ബെസ്റ്റ് ഡീൽ ടിവിയുടെ ബിസിനസ് വികസിപ്പിക്കുന്നതിന് വേണ്ടി 2015-നും 2023-നും ഇടയിൽ 60 കോടി രൂപ ഇവർ തന്നിൽ നിന്ന് വാങ്ങിയെന്നും എന്നാൽ ഈ പണം വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്നും വ്യവസായിയായ ദീപക് കോത്താരി ആരോപിച്ചു. ഈ പണം വായ്പയായി വാങ്ങിയതാണെങ്കിലും പിന്നീട് നികുതി ലാഭിക്കാൻ വേണ്ടി നിക്ഷേപമായി കാണിച്ചുവെന്നും കോത്താരി പറയുന്നു.
ഈ പണം 12 ശതമാനം വാർഷിക പലിശ സഹിതം കൃത്യ സമയത്തിനുള്ളിൽ തിരികെ നൽകുമെന്ന് ദീപക് കോത്താരിക്ക് ഉറപ്പ് നൽകിയിരുന്നു. കൂടാതെ 2016 ഏപ്രിലിൽ ശിൽപ ഷെട്ടി രേഖാമൂലം വ്യക്തിപരമായ ഉറപ്പും നൽകിയിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ ശിൽപ ഷെട്ടി കമ്പനിയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു.
കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് നടക്കുന്നുണ്ടെന്ന് പിന്നീട് താൻ അറിഞ്ഞുവെന്നും ഇക്കാര്യം മുൻപ് അറിയിച്ചിരുന്നില്ലെന്നും വ്യവസായി പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും നിഷേധിക്കുകയും, തങ്ങളെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ കേസാണിതെന്നും പറഞ്ഞിരുന്നു.


