ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയ്ക്ക് അടുത്ത് ബിലാസ്പൂരിലെ ഒരു വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്.വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു പൊലീസ് ഇന്‍സ്പെക്ടര്‍ അഖിലേഷ് കുമാര്‍ ദിക്ഷിത്. 

നോയിഡ: കത്തുന്ന വീട്ടില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ പുറത്തെത്തിച്ച് പൊലീസ് ഇന്‍സ്പെക്ടര്‍. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയ്ക്ക് അടുത്ത് ബിലാസ്പൂരിലെ ഒരു വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍സ്പെക്ടര്‍ അഖിലേഷ് കുമാര്‍ ദിക്ഷിതിന്‍റെ ഇടപെടല്‍ മൂലം വന്‍അപകടമാണ് ഒഴിവായത്. 

കൃത്യ സമയത്ത് ഇദ്ദേഹം നടത്തിയ ധീരമായ പ്രവര്‍ത്തിയാണ് രക്ഷയായത്. കത്തുന്ന വീട്ടിനുള്ളില്‍ എല്‍പിജി സിലിണ്ടറുകള്‍ ഉണ്ടെന്ന് മനസിലായ അഖിലേഷ് കുമാര്‍ തീപ്പൊള്ളലേല്‍ക്കാതിരിക്കാന്‍ ബ്ലാങ്കെറ്റ് പുതച്ച് വീടിനുള്ളിലേക്ക് കയറി സിലിണ്ടറുകള്‍ പുറത്തെത്തിക്കുകയായിരുന്നു. സിലിണ്ടറുകള്‍ പൊട്ടാതെ പുറത്തെത്തിയത് വലിയ അപകടം ഒഴിവാക്കി. 

തുടര്‍ന്ന് പൊലീസ് ജനങ്ങളുടെ സഹായത്തോടെ തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കത്തുന്ന വീട്ടിനുള്ളില്‍ നിന്നും സിലിണ്ടറുകള്‍ പുറത്തെത്തിച്ച അഖിലേഷ് കുമാറിന്‍റെ ധീരതയെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയയടക്കം.