ലഖ്നൗ: ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പ്രൊവിന്‍ഷ്യന്‍ ആംഡ് കോണ്‍സ്റ്റാബുലറി കോണ്‍സ്റ്റബിളായ മുനീഷ് യാദവിനാണ് ജോലി നഷ്ടമായത്. സേനയുടെ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് ഡിജിപി ഒപി സിം​ഗ് അറിയിച്ചു.

സമാജ്‌വാദി പാർട്ടിയുടെ ചുവന്ന തൊപ്പിയും പ്ലക്കാർ‌ഡും പിടിച്ച് മുനീഷ് കഴിഞ്ഞ ദിവസം ഇറ്റാവയിലെ കളക്ട്രേറ്റിലെത്തുകയായിരുന്നു. യോ​ഗി സർക്കാരിനെ പിരിച്ചു വിടുക എന്നായിരുന്നു പ്ലക്കാർഡിലെ വാചകം. ജില്ലാ കളക്ടര്‍ ജെബി സിം​ഗ് മുഖേന ഗവര്‍ണര്‍ക്ക് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള നിവേദനം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുനീഷ് കളക്ട്രേറ്റിലെത്തിയത്. എന്നാൽ അദ്ദേഹത്തിന് കളക്ട്റെ കാണാൻ സാധിച്ചില്ല. എങ്കിലും ഇരുവരും മാധ്യമങ്ങളെ കണ്ടു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടുവെന്നാണ് കളക്ടര്‍ പറഞ്ഞത്. 

ഉത്തർപ്രദേശിലെ ക്രമസമാധാനം തകിടം മറിഞ്ഞുവെന്നും അതിനാൽ സർക്കാരിനെ പിരിച്ചു വിടണമെന്നുമാണ് മുനീഷ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇറ്റാവ സ്വദേശിയായ മുനീഷ് നോയിഡയിലെ സ്‌റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. അതേസമയം സ്വബോധത്തോടെയല്ല മുനീഷ് യാദവ് സര്‍ക്കാരിനെതിരെ നീങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ പ്രതികരണം.