ലഖ്നൗ: പെൺകുട്ടി ബലാത്സം​ഗത്തിനിരയായ സംഭവത്തിൽ എഫ് ഐആർ തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താൻ വൈകിയതിന് പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അറസ്റ്റ്. ഉത്തർപ്രദേശിലെ കുശിനർ ​​ഗ്രാമത്തിലെ ഇരുപത് വയസ്സുകാരനായ യുവാവിനെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. 

എഫ്ഐആർ തയ്യാറാക്കുന്നതിനും പ്രതിയെ അറസ്റ്റ് ചെയ്യാനും കാലതാമസം നേരിട്ടതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് ഒന്നരലക്ഷം രൂപ നൽകി കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് സൂപ്രണ്ട് വിനോദ് കുമാർ ഉത്തരവിട്ടു. പ്രതിയ്ക്കെതിരെ ബലാത്സം​ഗം, മനപൂർവ്വമുള്ള അക്രമം, പോക്സോ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

പ്രതിയെ ലഖ്നൗവിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യൽ കസ്റ്റ‍ഡിയിൽ വിട്ടു. കഴിഞ്ഞ മാസം നവംബർ 21 നാണ് മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് പെൺകുട്ടി പീഡനത്തിനിരയായത്. പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി അവിടെ വച്ചാണ് കുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചതെന്ന് പിതാവ് വെളിപ്പെടുത്തുന്നു. വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. സ്ഥലത്തെ പ്രദേശവാസികളുടെ സമ്മർദ്ദത്തെ തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കാൻ കുട്ടിയുടെ മാതാപിതാക്കൾ തയ്യാറായതെന്ന് പൊലീസ് വ്യക്തമാക്കി.