നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ മുംബൈയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഭീഷണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടപടി. പ്രതിഷേധം തുടർന്നാൽ ജീവിതം നശിപ്പിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ഭീഷണി.
മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ദില്ലി സമരത്തിനെതിരായ പൊലീസ് നടപടിയിലടക്കം പ്രതിഷേധിച്ച് മുംബൈയിൽ സമരത്തിനിറങ്ങിയ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വിദ്യാർത്ഥികളടക്കമുള്ള സമരക്കാരെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പ്രതിഷേധം തുടർന്നാൽ കൃത്രിമമായി കയ്യിൽ മയക്കുമരുന്ന് വെച്ച് വ്യാജ കേസിൽ കുടുക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈതാൻ എന്നിവയുൾപ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ധാരാളം വിദ്യാർത്ഥികളും പൗരന്മാരും പ്രതിഷേധ യോഗങ്ങൾ ചേർന്നിരുന്നു.
സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയും, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റത്തെയും നിയമവിരുദ്ധ ഭീഷണിയെയും തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തുവെന്നാണ് മുബൈ പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പോലീസ് വാനിലേക്ക് കയറിയ വിദ്യാർത്ഥികളോട് മുൻസീറ്റിലിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലേക്ക് പോകാനും പ്രതിഷേധ സ്ഥലത്തേക്ക് വരരുതെന്നും ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോ. ഇനി ഇവിടെ വീണ്ടും കണ്ടാൽ, ജീവിതം നശിപ്പിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി. ബാഗുകളിൽ 50 ഗ്രാം പൊടി ഇടും, നിങ്ങളുടെ ജീവിതം അതോടെ അവസാനിക്കും എന്നും ഭീഷണിയുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതെല്ലാം ഈ വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥി മൊബൈൽ ഫോണിൽ പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.


