ദില്ലി: സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടിയെ സുപ്രീംകോടതിയിൽ ഹാജരാക്കി. കോടതി നിർദ്ദേശത്തെ തുടർന്ന് രാത്രിയോടെയാണ് പെൺകുട്ടിയെ ഹാജരാക്കിയത്. തിങ്കളാഴ്ച്ച വരെ കുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. പെൺകുട്ടിയുടെ സുരക്ഷ കോടതിയുടെ കടമയാണെന്ന് ഉത്തരവ് പുറത്തിറക്കിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ തിങ്കളാഴ്ച്ച കോടതി വീണ്ടും വാദം കേൾക്കും.

സുപ്രീംകോടതിയുടെ നി‍ർദ്ദേശത്തെ തുടർ‍ന്നാണ് ജയ്പൂരിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് കണ്ടെത്തിയ പെൺകുട്ടിയെ ജഡ്ജിമാർക്ക് മുന്നിൽ ഹാജരാക്കിയത്. അടച്ചിട്ട മുറിയിൽ അരമണിക്കുറോളമാണ് ജസ്റ്റിസ് ഭാനുമതി ജസ്റ്റിസ് ബൊപ്പണ്ണ എന്നിവർ പെൺകുട്ടിയോട് സംസാരിച്ചത്. തുട‍ർന്നാണ് ഉത്തർപ്രദേശ് പൊലീസിനോട് പെൺകുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തിൽ താമസിപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയത്. ദില്ലി പൊലീസ് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കളെ എത്രയും വേഗം ദില്ലിയിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം, ഫോണിലൂടെ മാതാപിതാക്കളോട് സംസാരിക്കാൻ സൗകര്യമൊരുക്കണമെന്നും കോടതി പറഞ്ഞു. കുടംബത്തിനും പെൺകുട്ടിക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജഡ്ജിമാരുമായുള്ള സംഭാഷണത്തിൽ പെൺകുട്ടി കാര്യങ്ങൾ വിശദമായി പറഞ്ഞു. 

സുരക്ഷാപ്രശ്നങ്ങളെ തുട‍ർന്ന് മുന്നു സൂഹൃത്തുകൾക്ക് ഒപ്പം രാജസ്ഥാനിലേക്ക് പോകേണ്ടി വന്നതാണെന്നും  പെൺകുട്ടി വ്യക്തമാക്കി. നടന്ന സംഭവങ്ങൾ അതീവ ഗൗരവതരമാണെന്ന് കോടതി നീരീക്ഷിച്ചു. നിലവിൽ ആരെയും വിമർശിക്കാനില്ല, ഉത്തർ‍പ്രദേശ് പൊലീസിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും ഉത്തരവ് വായിച്ചുകൊണ്ട് കോടതി പറഞ്ഞു. 

കേസിൽ തിങ്കളാഴ്ച്ച കോടതി വീണ്ടും വാദം കേൾക്കും. കഴിഞ്ഞ ദിവസമാണ് വനിതാ അഭിഭാഷകരുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുത്തത്. പിന്നീട്  പെൺകുട്ടിയെ സുഹൃത്തിനൊപ്പം കണ്ടെത്തിയെന്ന് യുപി പൊലീസ് ഡിജിപിയെ അറിയിച്ചു. കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ പരാതി നൽകിയിട്ടും കേസ് എടുക്കാത്ത പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.