പൂനെയിൽ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സിയ ഗോയലുമായി ലോഹഗഡ് കോട്ടയിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഡമ്മി ഉപയോഗിച്ച് ക്രൈം സീൻ പുനരാവിഷ്കരിച്ചപ്പോൾ, കൊലപാതകത്തിന് മുൻപ് പ്രതികൾ റിഹേഴ്സൽ നടത്തിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നു.

പൂനെ: പുനെയിൽ കേതൻ അഗർവാളിനെ മലമുകളിൽ നിന്ന് തള്ളിവിട്ടു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സിയ ഗോയലെയുമായി (20) പൊലീസ് ലോഹഗഡ് കോട്ടയിൽ തെളിവെടുപ്പ് നടത്തി. ഞായറാഴ്ച പുലർച്ചെ 6:30-ഓടെയാണ് കനത്ത സുരക്ഷയിൽ സിയയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചത്. ജൂൺ 18-ന് കേതൻ അഗർവാൾ കോട്ടയിൽ നിന്ന് വീണ് മരിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കൃത്യമായ ചുരുളഴിക്കാനാണ് പൊലീസ് ക്രൈം സീൻ പുനരാവിഷ്കരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊലപാതകം എങ്ങനെയാണ് നടത്തിയതെന്ന് കൃത്യമായി മനസിലാക്കാൻ ഒരു മനുഷ്യരൂപത്തിലുള്ള ഡമ്മി ആണ് പോലീസ് ഉപയോഗിച്ചത്. സിയയുടെ സാന്നിധ്യത്തിൽ ഈ ഡമ്മി കോട്ടയുടെ മതിലിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഈ ആസൂത്രിത കൊലപാതകത്തിന് മുൻപ് സിയയും കാമുകൻ ചേതൻ ചൗധരിയും (22) ഇതേ രീതിയിൽ കോട്ടയിൽ വെച്ച് മുൻകൂട്ടി 'റിഹേഴ്സൽ' നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേതനെ വധിക്കാനായി ജൂൺ 14-നാണ് ഇവർ ആദ്യ ശ്രമം നടത്തിയത്. ഇതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇരുവരും ലോഹഗഡ് കോട്ടയിലെത്തി തങ്ങളുടെ ക്രൂരമായ പ്ലാൻ എങ്ങനെ നടപ്പാക്കണമെന്ന് കൃത്യമായി പരിശീലിച്ചിരുന്നു. ഇന്റർനെറ്റിൽ ഇവർ നടത്തിയ തിരച്ചിലുകൾ, ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ, കൃത്യമായ ആസൂത്രണം എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു ഗൂഢാലോചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേതനെ ഇല്ലാതാക്കാൻ ഗൂഗിളിലും യൂട്യൂബിലും ഇവർ പല വഴികൾ തിരഞ്ഞിരുന്നതായും, ഒടുവിൽ കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊല്ലുന്നതാണ് ഏറ്റവും എളുപ്പമെന്ന് കണ്ടെത്തുകയുമായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

കോട്ടയുടെ ഏത് ഭാഗത്ത് നിന്നാണ് കേതനെ തള്ളിയിട്ടത് എന്നതുൾപ്പെടെയുള്ള പ്രതിയുടെ മൊഴികൾ ഡമ്മി ഉപയോഗിച്ചുള്ള പരിശോധനയിലൂടെ പൊലീസ് സംഘം വിലയിരുത്തി. കേസിലെ മറ്റൊരു പ്രതിയായ ചേതൻ ചൗധരിയെ പ്രത്യേകമായി കോട്ടയിലെത്തിച്ച് തെളിവെടുക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. വിവാഹനിശ്ചയത്തിന് ശേഷം സിയ ചേതനുമായി താൽക്കാലികമായി അകലം പാലിച്ചിരുന്നെങ്കിലും പിന്നീട് ബന്ധം പുതുക്കുകയായിരുന്നു. കൊലപാതകത്തിന്‍റെ കൃത്യമായ ആസൂത്രണം, പ്രതികളുടെ ഡിജിറ്റൽ തെളിവുകൾ, സംഭവത്തിന് മുൻപും പിൻപുമുള്ള ഇവരുടെ നീക്കങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.