ബിദര്‍(കര്‍ണാടക):  പൗരത്വ നിയമ ഭേദഗതിയെയും(സിഎഎ) ദേശീയ പൗരത്വ പട്ടികയെയും(എന്‍ആര്‍സി) എതിര്‍ക്കുന്ന സ്കൂള്‍ നാടകം അവതരിപ്പിച്ചതിന് സ്കൂളിനെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ ബിദറിലെ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റിനെതിരെയാണ് പൊലീസ് കേസെടുത്തത്. നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഞായറാഴ്ചയാണ് നാടകം അരങ്ങേറിയത്. സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കേസ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും സിഎഎ, എന്‍ആര്‍സി നടപ്പാക്കിയാല്‍ ഒരുവിഭാഗം രാജ്യം വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. സ്കൂള്‍ നാടകത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഹമ്മദ് യൂസഫ് റഹീം എന്നയാളുടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും റഹീമിനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. 

സമൂഹമാധ്യമങ്ങളില്‍ നാടകം വൈറലായതോടെ സ്കൂളിനെതിരെ എബിവിപി രംഗത്തെത്തി. സ്കൂളിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സ്കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതായി എബിവിപി നേതാക്കള്‍ അറിയിച്ചു.