ബംഗളൂരു: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. നിർത്തിയിട്ടിരുന്ന കാറുകളും ഓട്ടോറിക്ഷകളും തകർത്ത കേസുമായി ബന്ധപ്പെട്ട് പിടികൂടുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇരുപത്തിമൂന്നുകാരനായ പ്രതിയുടെ കാലിലാണ് പൊലീസ് വെടിയുതിർത്തത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരു രാജഗോപാൽ നഗറിലാണ് സംഭവം. കപിലനഗർ സ്വദേശി സീഗഡി സീനയാണ് അറസ്റ്റിലായത്. ഫെബ്രുവരി നാലിന് അർധരാത്രി പരിചയക്കാരനായ ഓട്ടോ ഡ‍്രൈവർ രംഗനാഥയെ ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ എട്ട് സഹായികളുമായി സ്ഥലത്തെത്തിയതായിരുന്നു സീന. എന്നാൽ, രം​ഗനാഥിനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പ്രകോപിതനായ സീന പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തല്ലി തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തിൽ കേസെടുത്ത പൊലീസ് സീനയുടെ സഹായികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സീന ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം സീന ജാലഹള്ളിയിലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സീന തയ്യാറായിരുന്നില്ല. പിന്നാലെ അറസ്റ്റ് ചെയ്യാൻ അരികിലെത്തിയ പൊലീസുകാരെ സീന ആക്രമിച്ചു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കുനേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.