ദില്ലി: കൊവിഡ് പ്രതിരോധ നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് പൊലീസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നേരത്തെ രാജ്യത്തിന് വിവിധ ഭാഗങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കേരളത്തിൽ നിന്നടക്കം ഇത്തരത്തിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കൊവിഡ് രോഗം പടർത്തുന്നുവെന്നാരോപിച്ച് ദില്ലിയിൽ ഡോക്ടർമാർക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. അതേ സമയം ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നുണ്ട്. 

രാജ്യത്ത് മഹാരാഷ്ട്രയിലേയും ദില്ലിയിലും കൊവിഡ് രോ​ഗവ്യാപനം കൂടുതൽ ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ദില്ലിയിലും കൊവിഡ് രോ​ഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 166 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ദില്ലിയിലെ ആകെ കൊവിഡ് കേസുകൾ 1069 ആയി. ​ദില്ലിയിൽ ഇന്ന് അഞ്ച് കൊവിഡ് രോ​ഗികളാണ് മരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ദില്ലിയിലെ കൊവിഡ് മരണങ്ങൾ 19 ആയി. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 1761 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 187 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് ബാധിച്ചത്. ഇതിൽ 138 കേസുകളും മുംബൈയിലാണ്.