ദില്ലി: മകനുമായി പിണങ്ങി ദില്ലിയിലേക്ക് വണ്ടി കയറിയ മലയാളി വൃദ്ധയെ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് പെരിങ്ങോട്ട്കുറിച്ചി സ്വദേശിനിയായ പാർവ്വതിയമ്മയെയാണ് പോലീസ് കണ്ടെത്തിയത്. എഴുപത്തിയെട്ട് വയസ്സുകാരിയായ പാർവ്വതിയമ്മ കോയമ്പത്തൂരുള്ള മകനൊപ്പം താമസിക്കുകയായിരുന്നു. 

ഓർമ്മക്കുറവുള്ള ഇവർ ദില്ലി ഗുഡ്‍ഗാവിലുള്ള ബന്ധുവീട്ടിലേക്ക് വരാൻ കോയമ്പത്തൂരിൽ നിന്ന് ട്രെയിൻ കയറി. ഗുഡ്‍ഗാവിനടുത്ത് വഴി അറിയാതെ അലഞ്ഞു നടന്ന ഇവരെ പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ബന്ധപ്പെടേണ്ടവരുടെ നമ്പരോ കൃത്യമായ മേൽവിലാസമോ ഇല്ലാത്തതിനാൽ ഇപ്പോൾ ചാണക്യപുരി സ്റ്റേഷനിലാണ് പാർവ്വതിയമ്മയുള്ളത്.