ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 34 ശതമാനത്തോളം തീവ്രവാദ കേസുകൾ കുറഞ്ഞതായി ചിന്തൻ ശിവിറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു.
ചണ്ഡീഗഢ്: അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവർത്തിക്കണമെന്ന് ഹരിയാനയിലെ ചിന്തൻ ശിവിറിൽ അമിത് ഷാ. രണ്ടായിരത്തി ഇരുപത്തിനാലോടെ എൻഐഎ ബ്രാഞ്ചുകൾ എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി അതിക്രമങ്ങൾക്കെതിരെ സംസ്ഥാനത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ചടങ്ങിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണെന്ന് ചിന്തൻ ശിവിറിൽ സംസാരിച്ച് മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി അതിക്രമങ്ങൾക്കെതിരെ സംസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലേത് ജനമൈത്രി പൊലീസ് സ്റ്റേഷനുകളാണെന്നും സേവന മനോഭാവവും ജനസൗഹൃദമായ പൊലീസ് സേന ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ജനസൗഹൃദവും ജനകേന്ദ്രീകൃതവും ആകുന്നതാണ് പരമപ്രധാനമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊലീസ് സേനയുടെ നവീകരണത്തിന് കേന്ദ്രസഹായം കൂട്ടണമെന്നും അഭ്യർത്ഥിച്ചു.
ആഭ്യന്തര സുരക്ഷ , മയക്കുമരുന്ന് കടത്ത് സൈബർ കുറ്റകൃത്യങ്ങൾ അടക്കമുള്ള വിഷയങ്ങളിലാണ് രാജ്യത്തെ ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിവിറിലെ പ്രധാന ചർച്ച. സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിഷൻ 2047നായും പ്രധാനമന്ത്രി സ്വാതന്ത്രദിനത്തിൽ പ്രഖ്യാപിച്ച അഞ്ച് പ്രതിജ്ഞകളുടെ കർമ്മപരിപാടിയും യോഗത്തിൽ തയ്യാറാക്കും. പിഎഫ്ഐ നിരോധനം, എൻഐഎയുടെ വിശാല അധികാരം ജമ്മുകശ്മീരിലെ നേട്ടങ്ങൾ എന്നിവ ഉദ്ഘാടന പ്രസംഗത്തിൽ അമിത് ഷാ എടുത്തു പറഞ്ഞു.
മയക്കുമരുന്നിനെതിരെ വലിയ പോരാട്ടമാണ് നടക്കുന്നതെന്ന് പറഞ്ഞ അമിത് ഷാ ഇതിനോടകം ഇരുപതിനായിരത്തിലധികം കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാനായെന്നും അവകാശപ്പെട്ടു. എൻഐഎ,യുഎപിഎ ആക്ടുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. നാഷണൽ ക്രൈം ബ്യൂറോ ശക്തിപ്പെടുത്താനും സർക്കാരിന് സാധിച്ചു. സിആർപിസി - ഐപിസി പരിഷ്കരണം ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു എൻഐഎക്ക് കേന്ദ്രസർക്കാർ വിശാല അധികാരം നൽകിയിട്ടുണ്ട്. 2024 ഓടെ എല്ലാം സംസ്ഥാനത്തും എൻഐഎ ബ്രാഞ്ച് വരും. സിആർപിസി, ഐപിസി നിയമങ്ങൾ പരിഷ്കരിച്ച് ഉടൻ അവതരിപ്പിക്കും - അമിത് ഷാ പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 34 ശതമാനത്തോളം തീവ്രവാദ കേസുകൾ കുറഞ്ഞതായി അമിത് ഷാ അവകാശപ്പെട്ടു. ജമ്മു കശ്മീരിൽ സുരക്ഷാ സേനയിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 64 ശതമാനത്തോളം കുറവുണ്ടായി, സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു.
