Asianet News MalayalamAsianet News Malayalam

മദ്യക്കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ കാര്‍ ഇടിച്ചുകൊന്നു; രണ്ട് ഹോം ഗാര്‍ഡുകള്‍ക്കും പരിക്ക്

ഇടിയുടെ ആഘാതത്തില്‍ വായുവിലേക്ക് ഉയര്‍ന്നുപൊങ്ങി സമീപത്തെ പാലത്തിന് സമീപം വീണ എസ്.ഐ ഗുരുതര പരിക്കുകള്‍ കാരണം അപ്പോള്‍ തന്നെ മരിക്കുകയായിരുന്നു. 

Police sub inspector died as a speeding car hit him while attempting to stop liquor smuggling afe
Author
First Published Dec 21, 2023, 10:43 AM IST

പറ്റ്ന: അനധികൃത മദ്യക്കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് സബ് ഇന്‍സ്‍പെക്ടറെ കാറിടിച്ച് കൊന്നു. ബിഹാറിലെ ബെഗുസരായി ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ മദ്യക്കടത്ത് നടത്തുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയും ഏതാനും ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തിയത്. പരിശോധനകള്‍ക്ക് എസ്.ഐക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് ഹോം ഗാര്‍ഡുമാര്‍ക്ക് ഗുരുതര പരിക്കുണ്ട്.

നൗഖോതി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന ഖമസ് ചൗധരി (47) ആണ് മരിച്ചത്. മദ്യം കടത്തുകയായിരുന്നു എന്ന് സംശയിച്ച കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം.  വാഹനം ഓടിച്ചിരുന്നയാള്‍ പൊലീസിനെ കണ്ട് വേഗത കൂട്ടുകയും രക്ഷപ്പെടാനായി എസ്.ഐയെ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വായുവിലേക്ക് ഉയര്‍ന്നുപൊങ്ങി സമീപത്തെ പാലത്തിന് സമീപം വീണ എസ്.ഐ ഗുരുതര പരിക്കുകള്‍ കാരണം അപ്പോള്‍ തന്നെ മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് ഹോം ഗാര്‍ഡുമാര്‍ക്കും പരിക്കേറ്റു. ഇവരില്‍ ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

പിന്നീട് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്ന മൃതദേഹത്തില്‍ ഡിഐജിയുടെ എസ്.പിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കാര്‍ പിന്നീട് മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തി. ആ സമയം വാഹനത്തില്‍ മദ്യമുണ്ടായിരുന്നില്ല. കാറുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളാണ് വാഹനം ഓടിച്ചികുന്നതെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ കണ്ടെത്താനായി പരിശോധന തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ സംഭവം ബിഹാറില്‍ നടന്നിരുന്നു. മണ്ണ് മാഫിയയുടെ മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ ട്രാക്ടര്‍ കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios